Saturday, January 26, 2008

മിഖയേല്‍ ബുള്‍ക്കഖോ (Mikhail Bulgakov) വിന്റെ മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത (The Master and Margarita)


ഡസ്തോവസ്കിയുടെ 125 -‍‍‍ാ മത് ചരമ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പബ്ലിക്ക് ലൈബ്രറിയില്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു നടത്തിയ പ്രസംഗത്തില്‍ ശ്രീ ജി. എന്‍. പണിക്കര്‍, അദ്ദേഹത്തിന്റെ ഡസ്തോവസ്കിയെ കുറിച്ചുള്ള പുസ്തകത്തില്‍ മലയാളത്തില്‍ ഡസ്തോവസ്കി പ്രധാന കഥപാത്രമായി വരുന്ന പെരുബടത്തിന്റെ ‘സങ്കീര്‍ത്തനം പോലെ‘ എന്ന നോവലിനെ വിമര്‍ഷിച്ചു കൊണ്ട് എഴുതിയതിനെ കുറിച്ചു പറഞ്ഞിരുന്നു. ‘സങ്കീര്‍ത്തനം പോലെ‘ മലയാളത്തിലെ മെച്ചപ്പെട്ട നോവലുകളിലൊന്നായി കരുതിയിരുന്ന ഞാന്‍, അതുകൊണ്ടു തന്നെ ജി. എന്‍. പണിക്കരുടെ പ്രസ്തുത പുസ്തകം ലൈബ്രറിയില്‍ പരതി, എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമാണ് എനിക്ക് കിട്ടിയത് അതില്‍ തോമസ് മാനിന്റെ ‘മാജിക്ക് മൌണ്ടന്‍’ , വെര്‍ജീനിയ വൂള്‍ഫിന്റെ ‘ലെയിറ്റ് ഹൌസ്സ്’ തുടങ്ങിയ പുസ്തകങ്ങളുടെ നിരൂപണമുണ്ടായിരുന്നു. അതില്‍ മലയാള ഭാഷയില്‍ വരുന്ന മെച്ചപ്പെട്ട പല പുതിയ കൃതികളും വായിക്കപ്പെടതെ പോകുന്നു വെന്നും കെ. രഘുനാഥിന്റെ ‘ഭൂമിയുടെ പൊക്കിള്‍’ അത്തരമൊന്നാണെന്നും അദ്ദേഹം എഴുതിയിരുന്നു. ( മലയാളത്തിലെ പ്രമുഖരായ പ്രസാതകന്മാര്‍ ഇറക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ് വായിക്കപ്പെടുന്നുള്ളൂ. വായനക്കാര്‍ മെച്ചപ്പെട്ട പല പുതിയ എഴുത്തുകാരുടെയും കൃതികളും ഉള്ള കാര്യം അറിയാതെ പോകുന്നു. മറ്റൊരു പുതിയ ഉദാഹരണം കെ. ദിലീപ് കുമാറിന്റെ ‘ബുധസംക്രമണം’ ) പിന്നീടു ‘ഭൂമിയുടെ പൊക്കിള്‍’ വായിക്കുകയും അതിന്റെ ബര്‍ബ്ലില്‍ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത’ യ്ക്കു ശേഷം വായിച്ച മികച്ച കൃതിയെന്നും എഴുതി കണ്ടു.എന്റെ സുഹ്രുത്തും മികച്ച വായനക്കരനുമായ അശോക് മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്തയെ ‘ഉജ്ജ്വലം‘ എന്നാണ് വാഴ്ത്തിയത്, പിന്നീട് അശോക് തന്നെ secondhand bookstall നിന്നും എനിക്ക് ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യെ എടുത്തുതരികയും ചെയ്തു ( അശോകിനോട് ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു ) അങ്ങിനെയാണ് ഡസ്തോവസ്കിയില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യില്‍ ഞാന്‍ എത്തപ്പെട്ടത്.

മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ സോവിയ്റ്റ് യൂണിയനില്‍ വെച്ച് എഴുതപ്പെട്ട മികച്ച റഷ്യന്‍ നോവലുകളില്‍ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. പ്രമേയപരമായും ആഖ്യനപരമായും അസാധരണവും അത്ഭുതവുമാണ് ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘. അസാധരണമായ കഥാപത്രങ്ങളും , അസാധാരണമായ സംഭവങ്ങളും കൊണ്ട് നോവല്‍ നമ്മെ വിസ്മയസ്തംഭതരാക്കുന്നു. സമൂഹ്യയ രാഷ്ട്രീയ ഹാസ്യം, റിയലിസം, കല, മതം, ചരിത്രം, സമകാലിക സോവിയറ്റ് യഥാര്‍ത്യം ഇവയെ മനോഹരമായി ഇഴചേര്‍ത്തെഴുതുന്നു ഈ നോവലില്‍. ബുള്‍ക്കഖോവ് ഇവിടെ രണ്ടു കാലഘട്ടത്തിലെ കഥകളെ ഊടും പാവും ചുറ്റി നെയ്യുകയാണ് .

സോവിയ്റ്റ് യൂണിയനില്‍ നിലനിന്നിരുന്ന കല , സാഹിത്യ സെന്‍സറിങ്ങിനെ കുറിച്ചു പറയുന്ന ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ കഥയിലെ പോലെതന്നെ കടുത്ത സെന്‍സറിങ്ങിന് ബുള്‍ക്കഖോവ് ഇരയാവുകയും, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഈ രചന വെളിച്ചം കാണാതിരിക്കുകയും ചെയ്തു. സ്റ്റാലിനിസ്റ്റ് യുഗത്തിലെ കല സാഹിത്യ ലോകത്തെ പ്രമുഖനായിരുന്ന ബുള്‍ക്കഖോവിന്റെ പല രചനകളും രംഗാവതരണത്തിനോ , രചനാവിഷ്കാരത്തിനോ തടസ്സം നേരിടുകയാണ ഉണ്ടായത്. സ്റ്റാലിന്റെ സ്വേഛാധിപ്ത്യകാലത്തിനു ശേഷവും റഷ്യന്‍ ഭാഷയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കഴുത്തറുപ്പന്‍ പ്രയോഗം നേരിടേണ്ടി വന്നു. പിന്നീടു അദ്ദേഹത്തിന്റെ ഈ രചനയ്ക്കു ഇംഗ്ലീഷ് പരിഭാഷ വന്നതിനു ശേഷം മാത്രമാണ് റഷ്യനില്‍ പൂര്‍ണ്ണരൂപത്തില്‍ അദ്ദെഹത്തിന്റെ സ്വദേശ വായനകാര്‍ക്കു കിട്ടിയുള്ളു. ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ യില്‍ അദ്ദേഹം (സര് ?‍) റിയലിസ്റ്റിക്ക് രീതിയില്‍ അവതരിപ്പിക്കുന്നത് സ്വേഛാധിപ്ത്യത്തിന്റെ ഇരയാക്കുന്ന സാഹിത്യകാരനായ മാസ്റ്ററിനെയും കാമുകിയായ മാര്‍ഗരീത്തയുടെയും കഥയാണ്. ബുള്‍ക്കഖോവിനും ഭാര്യക്കും കഥയ്ക്കു സമാനമായ അവസ്ഥയില്‍ എത്തപ്പെട്ടു വെന്നത് വിധിവൈപര്യത ആയിരിക്കണം. കഥാപാത്രം കഥാകൃത്താവുന്ന
അസാധരണമായ ജീവിതമായിരുന്നു ബുള്‍ക്കഖോവിന്റെത്. ജീവിച്ചിരിക്കുബോള്‍ ബുള്‍ക്കഖോവ് പലതവണ മാറ്റിയും മറിച്ചുമെഴുതിയ നോവലാണ് ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘. (മലയാളത്തിലെ ‘ഖസാക്കിന്റെ ഇതിഹാസം’ ഇതു പൊലെ ഒ. വി. വിജയന്‍ പല തവണ മാറ്റിയും മറുച്ചും എഴുതിയതിനു ശേഷമാണ് പ്രസിദ്ധീകരിച്ചത്. )

നോവലിന്റെ നെടുനായകത്വം മാസ്റ്റര്‍ക്കല്ല പകരം വൊളാന്റ് എന്ന സാത്തനാണ്. സോവിയറ്റ് സ്വേചഛധിപതിയായിരുന്ന സ്റ്റാലിനെ തന്നെ ആയിരിക്കണം സാത്തന്റെ മാതൃക എന്നു തോന്നുന്ന രീതിയിലാണ് ബുള്‍ക്കഖോവ് സാത്തനെ ചിത്രീകരിച്ചിരിക്കുന്നത്‌. 1930 കളിലെ മോസ്കോയില്‍ എത്തുന്ന വിദേശ പ്രഫസര്‍ വൊളാന്റിലൂടെയും, AD 30 കളില്‍ പശ്ചിമയേഷ്യന്‍ ജൂഡിയാത്തിലെ 5-മത്തെ ഭരണധികാരിയായ പോന്തിയോസ് പിലാത്തോസിലൂടെയുമാ‍ണ് നോവല്‍ ചുരുളഴിയുന്നത്.

മോസ്കോ നഗരത്തിന്റെ ഹൃദ്ദയഭാഗത്ത് തന്റെ സന്തത സഹചാരികളായ പുച്ചയോടും, നഗ്നയായ സ്ത്രീയോടും, മറ്റു പരിവാരങ്ങളോടുകൂടിയും വൊളാന്റ് എത്തുന്നു. വൊളാന്റ് നഗരത്തെ ഭീതിയില്‍ മുക്കുന്നു, ജനങ്ങള്‍ ചിതറുന്നു, കള്ളനോട്ടുകള്‍ പ്രചരിക്കുന്നു, മായജാലപ്രകടനം നടക്കുന്നു, പലര്‍ക്കും മരണം സംഭവിക്കുന്നു. അരക്ഷിതരാവുന്ന ജനങ്ങള്‍ ആ ശക്തന്റെ ആജ്ഞയെ ഒരു രീതിയിലും എതിര്‍ക്കാതെ അടിമപ്പെടുന്നു. ബുള്‍ക്കഖോവ് തുടര്‍ന്നവതരിപ്പിക്കുന്നത് യേശുവിന്റെ അന്ത്യദിനങ്ങളുടെ ചിത്രീകരണമാണ്. ബൈബിളിലെ എല്ലാ നടകീയതയേയും ബുള്‍ക്കഖോവ് തകര്‍ക്കുന്നു, എന്നിട്ട ഏറ്റവും വിശ്വസനീയമായ രീതിയില്‍ യാഥര്‍ത്യത്തിന്റെ എല്ല ചിഹ്നങ്ങളുമണിഞ്ഞ് ആ കലഘട്ടത്തെ പുനരവതരിപ്പിക്കുന്നു. അവിടത്തെ യേശുവിന്റെ ചിത്രം മനുഷ്യജീവിയുടേതാണ് മറിച്ച്‌ ദൈവപുത്രന്റേതല്ല. പിലാത്തോസിന്റെ ന്യായവിധി അവതരിപ്പിക്കപ്പെടുന്നു, പെസഹയുടെ ഉപഹാരമായി, തടവില്‍ നിന്നു മോചിപ്പിക്കാന്‍ ജനങ്ങള്‍ ആവിശ്യപ്പെടുന്നത് ആത്മിയ വിപ്ലവകാരിയായ യേശുവെയല്ല, രാഷ്‌ട്രവിപ്ലവകാരിയായ ബറബസിനെയാണ് . ഇതില്‍ പിലത്തോസ് അസന്തുഷ്ടനാണ്. ജനങ്ങളോടു ഒരിക്കല്‍ കൂടി തീരുമാനം മാറ്റുന്നതിനായി ശ്രമിക്കുന്നു എന്നാല്‍ ജനം പിലാത്തോസിന്റെ ആഗ്രഹത്തെ തിരസ്കരിക്കുന്നു. പിലാത്തോസ് ജനങ്ങളുടെ ആവിശ്യത്തിനു വഴങ്ങുന്നു. ഈ സംഭവങ്ങളെ ചരിത്രപരമായ രീതിയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുബോള്‍ തന്നെ മോസ്ക്കോവിലെ സംഭവങ്ങളെ വളരെ ഭ്രമത്മകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്‌. അവിടെ പൂച്ച
സംസാരിക്കുന്നു, മനുഷ്യനെ പോലെ പെരുമാറുന്നു, നഗരത്തില്‍ സ്ത്രീ നഗ്നയായി നടക്കുന്നു, നടക്കുവാന്‍ പോക്കുന്ന പല സംഭവങ്ങളേയും പ്രവചിക്കപ്പെടുന്നു.

പോന്തിയോസ് പിലാത്തോസിനെ കുറിച്ച മാസ്റ്റര്‍ എഴുതിയ നോവല്‍, സെന്‍സറിങ്ങ് ബോര്‍ഡിന്റെ രൂക്ഷവിമര്‍ഷനത്തിനിടവരുന്നു ഇതിനാല്‍ തകര്‍ന്ന മനസ്സിനുടമയായ അദ്ദേഹം ഭ്രാന്താശുപത്രിയില്‍ ആവുന്നു. മാസ്റ്റര്‍ എഴുതിയ ഈ നോവലിലെ ഭാഗങ്ങളാണ് ബുള്‍ക്കഖോവ് തന്റെ 1930 കളിലെ മോസ്ക്കോ നഗര ചിത്രീകരണത്തിനിടയില്‍ ഇഴപിരിച്ച് അവതരിപ്പിക്കുന്നത്. ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ എന്ന നോവലിലെ മാസ്റ്റര്‍ എഴുതിയ നോവലിലെ ഭാഗം ‘മാസ്റ്റര്‍ ആന്റ് മാര്‍ഗരീത്ത‘ ഭാഗമാവുന്നു. ആഖ്യനത്തിനുള്ളിലെ ആഖ്യാനം ( ഇന്ത്യ-അറബ് പുരാണകഥകള്‍, ബോര്‍ഹേസ്സിന്റെ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലല്ല ഈ അവതരണം). മാസ്റ്ററിന്റെ നോവലിലെ കഥാപാത്രങ്ങള്‍ ആ പുരാതനകാലത്തെ ഉപേക്ഷിച്ച് മോസ്ക്കോയിലെത്തുന്നു. മത്തായി എന്ന സുവിശേഷകനും എന്തിന് വൊളാന്റ് തന്നെയും അത്തരം ക്ഥാപത്രങ്ങളണ്. കഥയ്ക്കുള്ളിലെ കഥ, കഥാപത്രമെഴുതുന്ന കഥയിലെ കഥാപാത്രം യഥാര്‍ത്ത കഥാപാത്രവുമായി സംസരിക്കൂന്നു. ഇത്തരം ആഖ്യാനകലയിലെ പുതിയ (പഴയ ? ) തന്ത്രത്തെ മനോഹരമായ് ബുള്‍ക്കഖോവ് അവതരിപ്പിക്കുന്നു.

മാസ്റ്ററിന്റെ കാമുകിയായ മാര്‍ഗരീത്ത മറ്റൊരുവന്റെ ഭാര്യയാണ്, എന്നാല്‍ അവള്‍ക്ക് മാസ്റ്ററിനോടുള്ള സ്നേഹത്തിന് പരിധിയില്ല, അവള്‍ ജീവിക്കുന്നതു പോലും മാസ്റ്ററിനെ പരിപാലിക്കുന്നതിനു വേണ്ടിയണെന്ന പോലെയാണ്. അതിനാല്‍ തന്നെ മാസ്റ്ററിനെ രക്ഷപ്പെടുത്തുന്നതിന് സാത്താന്റെ അടിമയാവുന്നതിനു പോലും അവള്‍ തെയ്യറാവുന്നത്. യേശുവിന്റെ കരിശുമരണത്തിനു ശേഷം യൂദാസ് ഇസ്കാരിയത്തിനേയും കൊന്നുകളയുന്നതിന്നയി ( രാജ്യഭരണത്തിലെ ചാണക്യതന്ത്രം, ഒറ്റുകാരെ അവിശ്വസിക്കണമെന്നത് ) പിലാത്തോസ് ശാസന നല്‍കുന്നു. യൂദാസ് തന്റെ കാമുകിയുമായി ഒളിച്ചു കടന്ക്കുന്നതിനിടയില്‍ വധിക്കപ്പെടുന്നു, അതൊരു അത്മഹത്യയായി ചിത്രീകരിക്കപ്പെടുന്നതിനുള്ള എല്ല സജ്ജികരണങ്ങളും പിലാത്തോസ് ഈര്‍പ്പാടുക്കിയിരുന്നു
എല്ലാ പ്രതിബന്ധനങ്ങളും മറികടന്ന് മാസ്റ്ററും മാര്‍ഗരീത്തയും ഒന്നിക്കുന്ന ശുഭപര്യവസാനിയായ നോവലിന്റെ അവസനത്തില്‍ വൊളന്റിയും കൂട്ടാളികളുടെയും ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് രഹസ്യന്വേഷണ വിഭാഗത്തിലെ ഉദ്ദോഗസ്ഥനമാര്‍ വരികയും. ഇത്തരം അഭൌമപ്രവര്‍ത്തനത്തിന് യുക്തിപരമായ കാരണം കണ്ടെത്തി സ്വയം പരിഹാസിതരാവുന്നതോടു കൂടി നോവല്‍ അവസാനിക്കുന്നു.

സോവിയ്റ്റില്‍ നിലനിന്നിരുന്ന രാഷ്‌ട്രീയ സാമൂഹ്യ നിലപാടുകളെ ബുള്‍ക്കഖോവ് തന്റെ നോവലിലൂടെ പരിഹസിക്കുകയാണ് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഒരോ സംഘടനകളും, കമ്മിഷനുകളും, അതിനെ നേതൃത്തിലെ കമ്മിസര്‍മാരേയും പരിഹസിക്കുന്ന, കലയുടെ സവിശേഷമായ അപൂര്‍വ്വതകള്‍ നിറഞ്ഞു നില്‍ക്കുന്ന സമാനതകളില്ലാത്ത കറുത്ത രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ നോവലാണ് മിഖയേല്‍ ബുള്‍ക്കഖോവിന്റെ ‘മാസ്റ്റര്‍
ആന്റ് മാര്‍ഗരീത്ത‘.