Saturday, September 05, 2009

ആര്‍തര്‍ കെസ്‌ല‌(Arthur Koestler‍)റുടെ 'ഡാര്‍ക്ക്നസ് അറ്റ് നൂണ്‍' (Darkness at Noon)


സഖാവ് അച്ചുതാനന്ദന് പാ‌ര്‍ട്ടി നടപടി നേരിട്ടാല്‍ ഏറിയാല്‍ പാ‌ര്‍ട്ടിയില്‍ നിന്നും പുറത്താകും തനിക്ക് പിന്നിലുണ്ടായിരുന്ന വലിയ ജനവിഭാഗത്തെ നഷ്ടപ്പെട്ടതിലുള്ള ഏകാന്തതയില്‍ വിഷമം കൊണ്ടാനെ അല്ലെങ്കില്‍ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ പോലെ ആത്മഹത്യ ചെയ്താനെ ഏതായാലും പാര്‍ട്ടിയുടെ ആരംഭകാലം മുതലെ മുന്‍‌നിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് , പാ‌ര്‍ട്ടിയുടെ പിതൃഭൂമിയിലെ സിനവേവ്, കമെനേവ്, ബുക്കാറിന്‍, ട്രോട്‌സ്കി തുടങ്ങിയ ബോള്‍ഷേവിക് വിപ്ലവത്തിന്റെ നേതൃത്തനിരയിലുണ്ടായിരുന്ന അനുഭവം ഏതായലും ഉണ്ടാവുകയില്ലെന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. 1936 - 38 കാലത്ത് സോവിയറ്റ് യൂണിനില്‍ സ്റ്റാലിന്‍ തന്റെ എതിരാളികളെ വകവരുത്തിയ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്‌കോ വിചാരണ )' കാലമല്ല ഇതെന്നതും ഇന്ത്യയില്‍ പൊതുവേ സര്‍‌വ്വാധിപത്യത്തിനെതിരെ ഒരു ജനമനസാക്ഷി നിലകൊള്ളുന്നുണ്ടെന്നതും (വീണ്ടു തിരഞ്ഞെടുക്കപ്പെട്ടാലും) ആ ഭാഗ്യത്തിന്റെ വശങ്ങളാണ് . നമ്മുടെ സര്‍‌വ്വാധിപതികള്‍ക്കെതിരെ (ഇന്ദിരാ ഗാന്ധി, കരുണാകരന്‍, നരേന്ദ്രമോഠി...) നമ്മുടെ സഖാക്കള്‍ പുലര്‍ത്തുന്ന ജാകരൂപത സ്വന്തംകാര്യത്തില്‍ ഇല്ലയെന്നത് നിര്‍ഭാഗ്യകരമാണ്.

ആര്‍തര്‍ കെസ്‌ല‌റുടെ 'നട്ടുച്ചക്കിരുട്ട് ' കമ്മ്യൂണിസ്റ്റ് സര്‍‌വ്വാധിപത്യത്തിനെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ മികച്ച കൃതികളിലൊന്നാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയെട്ടുകളില്‍ സോവിയറ്റ് യൂണിനിലെ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്കോ ട്രയല്‍)' കാലത്ത് ജയിലില്‍ അടയ്ക്കുന്ന വിപ്ലവകാരിയും പാര്‍ട്ടിയുടെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ നിക്കോളാസ് റുബഷോവിനെ വിചാരണ നടത്തുന്നതും , റുബാഷോവിന്റെ ഓര്‍മ്മകളിലൂടെ താനും കൂടി പങ്കാളിയായി നേടിയെടുത്ത യൂണിയന്റെ നൃശംസതയുടെ ഇരുണ്ടചിത്രമാണ് കെസ്‌ല‌ര്‍ തന്റെ കൃതിയില്‍ വരച്ചു കാട്ടുന്നത്.

ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ ജൂതമാതാപിതാക്കളുടെ മകനായി 1905 ലാണ് ആര്‍തര്‍ കെസ്‌ല‌ര്‍ ജനിച്ചത്. വിയന്ന സര്‍‌വ്വകലാശാലയില്‍ ബിരുദപഠനത്തിനായ് ചേര്‍ന്നെങ്കിലും, പഠനം പൂര്‍ത്തിയാക്കതെ സയണിസറ്റ് മൂവ്മെണ്‍റ്റില്‍ ആകൃഷടനായി പലസതീനിലേക്ക് പോവുകയും ഒരു ജര്‍മ്മന്‍ പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കുകയും ചെയ്തു. പിന്നീട് യൂറോപ്പില്‍ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നതും പാര്‍ട്ടി മെമ്പറാവുന്നതും. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫ്രാങ്കോ ഗവണ്‍‌മെന്റിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുകയും മരണശിക്ഷ വിധിക്കപ്പെട്ട് ജയില്‍ കഴിയുകയും ചെയ്തു (ഈ അനുഭവമായിരിക്കണം റുബാഷോവിന്റെ ഏകാന്തതടവിനെ ഉജ്ജ്വലമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്, 'സ്പാനിഷ് ടെസ്റ്റ്മെന്റ്' ലും ഈ കാലയളവിനെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്) . ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ ഇടപെടലുകള്‍ കാരണം അദ്ദേഹം ജയില്‍ മോചിതനായ് . മോസ്‌കോ വിചാരണ കാലത്തോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോരുകയും പാര്‍ട്ടി സര്‍‌വ്വാധിപത്യത്തിനെതിരെയുള്ള കടുത്ത വിമര്‍ശകനായി മാറുകയുംചെയ്തു. 77 മത്തെ വയസ്സില്‍ പാര്‍ക്കിസണ്‍ രോഗത്താലും ലുക്കീമിയയാലും ശാരീരികമായി വളരെ ബുദ്ധിമുട്ടിലായ അദ്ദേഹം ഭാര്യയോടൊത്ത് ആത്മഹത്യ ചെയ്തു.

ഒരു ദിവസം രാത്രിയോടെ അറസ്റ്റു ചെയ്യപ്പെടുന്ന റുബാഷോവിനെ ഏകാന്ത വിചാരണതടവുകാരനായി ജയിലിലടയ്ക്കുന്നു. അയാള്‍ക്ക് തന്റെ സഹതടവുകരുമായി ബന്ധപ്പെടുന്നതിന് ഒരു മാര്‍ഗവുമില്ല. എങ്കിലും തന്റെ പഴയ ബോള്‍ഷേവിക് വിപ്ലവഒളിവ് കാലത്തിലെ അനുഭവത്തിന്റെ സഹായത്തോടെ സഹതടവുകാരന്റെ ഭിത്തിയില്‍ മുട്ടലി (മുട്ടലിലെ ആവര്‍ത്തനത്തെ വ്യത്യസ്തതമായ ഒരോ അക്ഷരമാക്കി മനസ്സിലാക്കിയാണ് അവര്‍ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ കൈമാറുന്നത് ) ലൂടെ അവര്‍ പരസ്പരം സംസാരിക്കുന്നത്.

ബോള്‍ഷേവിക് വിപ്ലവത്തിലെ നേതൃത്തിലുണ്ടായിരുന്ന റുബാഷോവ്, പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം, മറ്റുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വിളയിപ്പിക്കാനായി വിദേശരാജ്യങ്ങളില്‍ സോവിയറ്റിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അയാള്‍ക്ക് പാര്‍ട്ടിയുടെ നയപരിപടിയായ് സഹകരിച്ച് പോകാത്ത ആദര്‍ശധീരരായ പല സഖാക്കളേയും ബലികൊടുക്കേണ്ടി വന്നിട്ടുണ്ട്. ജര്‍മ്മനിയില്‍ വെച്ച് യുവാവായ റിച്ചാര്‍ഡിനേയും ഡറ്റില്‍ വെച് കൊച്ചു ലോവ്യയേയും പിന്നീട് തന്റെ തന്നെ സെക്രട്ടറിയായിരുന്ന അര്‍ലോവയേയും മറ്റും. ഇവരെയെല്ലാം താന്‍ വഞ്ചിക്കുകയായിരുന്നു വെന്നത് റുബാഷോവിനെ വല്ലാതെ പീഢിപ്പിച്ചുകൊണ്ടിരുന്നു. അര്‍ലോവയുമായി താന്‍ പുലര്‍ത്തിയിരുന്ന പ്രേമബന്ധത്തില്‍ പോലും അവളെ നിര്‍ണായക നിമിഷത്തില്‍ സഹായിക്കാതെ നിന്ന തനിക്ക് അവുരുടെതിനു സമാനമായ അവസ്ഥയാണ് വന്നിരിക്കുന്നതെന്ന ബോധം റുബാഷോവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അന്നെല്ലാം താന്‍ കൈകൊണ്ട പര്‍ട്ടിയുടെ ദയാരഹിതമായ യുക്തിയുടെ നിലപാട് തന്നെയല്ലേ ഇന്ന് തനിക്കെതിരേയും തിരിഞ്ഞിരിക്കുന്നതെന്ന ബോധവുമയാള്‍ക്കുണ്ട്.

നോവലിലെ സര്‍‌വ്വാധിപതിയെ നമ്പര്‍ വണ്‍ എന്നാണ് എല്ലാവിടെയും സംബോധനചെയ്യുന്നത് . ഒരിടത്തും നോരിട്ട പ്രത്യക്ഷപ്പെടാത്ത നമ്പര്‍ വണ്‍ സ്റ്റാലിന്റെ മാതൃകയിലാണ് നോവലിസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. റുബാഷോവിനെ വിചാരണ ചെയ്യുവാന്‍ എത്തുന്നത് അയാളുടെ പഴയ സുഹൃത്തായ ഇവാനോവാണ്. പര്‍ട്ടിയിലെ പഴയ തലമുറയില്‍ പെട്ട ഇവാനോവിന് റുബാഷോവിനെ രക്ഷിക്കണമെന്നുള്ളതിനാല്‍, അയാള്‍ റുബാഷോവിനെ പാര്‍ട്ടിയുടെ ലൈനില്‍ തന്നെ കൊണ്ടു വരുന്നതിനായി ഉപദേശിക്കുകയും അല്പ്പം കൂടി സമയം നല്‍ക്കുകയും ചയ്യുന്നു. എന്നാല്‍ എത്രയും വേഗം നമ്പര്‍ വണിന്റെ ആഗ്രഹം നടത്തുന്നതിനായി പാര്‍ട്ടിയിലെ പുത്തന്‍‌കുറ്റ്നായ ഗ്ലെറ്റ്കിനെ വിചാരണ നടത്തുന്നതിനായുള്ള അധിക്കരം നല്‍ക്കുകയും, റുബാഷോവിനോട് കൂടുതല്‍ സൗമ്യത കാട്ടിയതിന് ഇവാനോവിന് നടപടി (മരണം) നേരിടുകയും ചെയ്യുന്നു. പ്രതിവിപ്ലവത്തിനും നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായും ഗൂഢാലോചന നടത്തിയെന്നതാണ് റുബാഷോവ് നേരിടേണ്ടി വരുന്ന ആരോപണം. നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായി റുബാഷോവിന് മുന്‍പില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ സഖാവിന്റെ മകനെയാണ് സാക്ഷിയായി അവതരിപ്പിക്കുന്നത്. ഒരിക്കല്‍ വിദേശത്ത് വച്ച് അയാളെ ഒരു സല്‍ക്കാരത്തിനിടയില്‍ കണ്ടതായി റുബാഷോവ് ഓര്‍ത്തെടുക്കുന്നുണ്ട് അന്ന് താന്‍ പാര്‍ട്ടിയുടെ പോക്കില്‍ ആകുലനായി സുഹൃത്തിനോട് എന്തോ ഒന്ന് പുലമ്പിയിരുന്നോ ?


നോവലിന്റെ അവസാനത്തില്‍ റുബാഷോവ് , തലയിലേക്ക് നിറയൊഴിച്ചു കൊണ്ടുള്ള തന്റെ മരണത്തെ ഏറ്റവും സൗമ്യതയോടെ നേരിടുന്ന ഹൃദയസ്‌പൃക്കായ രംഗം അവതരിപ്പിക്കുന്നു.
പാര്‍ട്ടിയുടെ ലൈനില്‍ നിന്നും വ്യതിചലിക്കുന്നവരെ പ്രതിവിപ്ലവകാരിയായും, വര്‍ഗ്ഗവഞ്ചകരായും പിന്നീട് പിത്രുഭൂമിയിലെ രാജ്യദ്രോഹിയായും ചിത്രീകരിച്ച് ഈ നടപടിയെ പാര്‍ട്ടിയുടെ പ്രചരണതന്ത്രത്തിനു ഉപകരണമാക്കി മാറ്റുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചു കാണിച്ചു തരുന്നു.

എം സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ തന്റെ അത്മഹത്യകുറിപ്പില്‍ "ഒരു റൊമാന്‍റിക്ക് റവല്യൂഷണറിയായിത്തീരാതിരിക്കന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ" എന്ന് കുറിക്കുന്നുണ്ട്. റുബാഷോവ്മാരുടെ മായ്ക്കപ്പെട്ടു കളയുന്ന ചരിത്രത്തെ കെസ്‌ല‌ര്‍ ഭാഷയിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ്. മനുഷ്യ നന്മക്കായി നിര്‍മ്മിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങള്‍ അതിന്റെ തന്നെ സന്തതികളോട് എത്രമാത്രം നിഷ്ഠൂരമായി മാറുന്നുവെന്ന് ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)
ആര്‍തര്‍ കെസ്‌ല‌ര്‍
ഡാര്‍ക്ക്നസ് അറ്റ് നൂണ്‍

Sunday, June 07, 2009

യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask)
പ്രണത ബുക്സിന്റെ ' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയുടെ ആത്മഹത്യയേയും, എഴുത്തിനേയും, ജീവിതത്തേയും കുറിച്ചുള്ള ലേഖനം വായിച്ചതു മുതല്‍ യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask) വായിക്കാന്‍ ലൈബ്രറിയില്‍ അന്വേഷിച്ചിരുന്നു, എന്നാല്‍ പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം, ഈ അടുത്ത കാലത്താണ് അത് ലൈബ്രറിയില്‍ നിന്നും കിട്ടിയത്. തുറന്നെഴുത്തിന്റെ ആപല്‍ക്കരമായ സത്യസന്ധതക്കു മുന്നില്‍ നമ്മളെ പകച്ചിരുത്തുന്ന അപൂര്‍‌വ്വം കൃതികളിലൊന്ന്. വിചിത്രകല്‍‌പനകളിലും വിഭ്രാമകഭാവനകളിലൂടെയും , ലൈം‌ഗിക ബന്ധത്തെ കുറിച്ചുള്ള ജൈവികമായ അറിവുകളും, അനുഭവങ്ങളും ഒരു കൗമാരക്കാരനെ എത്രമാതം അസ്വസ്തപ്പെടുത്തുന്നു എന്നു മിഷിമ ഇതില്‍ വരച്ചുകാട്ടുന്നു.

മുഖപടത്തിന്റെ കുബസാരങ്ങള്‍ എന്ന മിഷിമയുടെ ആത്മകഥാപരമായ നോവല്‍ അവതരിപ്പിക്കുന്നത് കൊചാന്‍ എന്ന കൗമാരക്കാരനായ ആഖ്യാതാവിലൂടെയാണ് . പ്രഥമപുരുഷനിലൂടെ (ഞാന്‍, എന്റെ ) കൊചാന്‍ തന്റെ കൗമാരത്തിലെ സ്വയംഭോഗത്തെ കുറിച്ചും, സ്വവര്‍ഗപ്രേമത്തെ കുറിച്ചും, സ്ത്രീ ബന്ധത്തെ കുറിച്ചും തുറന്നെഴുതുകയാണ് . അതിലെ വിചിത്രകല്പനകള്‍ നമ്മുടെയെല്ലാം കൗമാരത്തിലെ സ്വപ്നങ്ങളേയും മനോരാജ്യങ്ങളേയും കൊഴുപ്പിച്ച് ചീറ്റിതെറിപ്പിച്ച ക്ഷീരവര്‍ണ്ണ പശ്ചാതലത്തില്‍ വരച്ചിട്ട ചിത്രങ്ങള്‍ തന്നെ. സ്വയംഭോഗ ചരിത്രങ്ങള്‍ , മരണത്തോടുള്ള ആസക്തി, സ്വവര്‍ഗ്ഗപ്രേമം, സ്ത്രീ ബന്ധങ്ങള്‍ ഇതിലൂടെയാണ് കൊചാന്‍ മുഖമൂടികള്‍ക്കുള്ളില്‍ ഇരുന്നു കൊണ്ട് തന്റെ കുംബസാര രഹസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. യുദ്ധാനന്തര ജപ്പാനില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി നേരിടുന്ന സാമൂഹിക ഭ്രഷ്ട് മറികടക്കുന്നതിന് മുഖപടങ്ങള്‍ അണിയേണ്ടതിന്റെ ഗതികേടിനെ മനോഹരമായി മിഷിമ തന്റെ കൊചാനിലൂടെ അവതരിപ്പിക്കുകയാണ്. ഒരോ നിമിഷവും ഈ മുഖപടമണിയുന്ന മലയാള സമൂഹത്തിന് കൊചാന്റെ നൊമ്പരമറിയണമെന്നില്ല , നമുക്ക് സ്വന്തം മുഖം തന്നെ മുഖപടമായി എന്നേ മാറിയിരിക്കുന്നു.


അച്ഛന്റെ പഠനമുറിയിലെ അലമാരിയില്‍, ചിത്രകലയുമായി ബന്ധപ്പെട്ട പഴയ പുസ്തകങ്ങള്‍ പരതുന്നതിനിടെ , വൃക്ഷത്തില്‍ ക്രൂശിതനായി, രക്തസാക്ഷിയായ വിശുദ്ധനായ സെബാസ്റ്റ്യന്റെ ചിത്രം കണ്ണില്‍പെട്ട കൊചാന്‍ (മിഷിമ ?) , അമ്പേറ്റ് ശരീരത്തിലെ മുറിവുനാഴങ്ങളില്‍ നിന്നും ഒഴുകുന്ന രക്തം കണ്ട് , അന്നാദ്യമായി സ്വയംഭോഗം ചെയ്തു. തന്റെ പ്രായത്തിലുള്ള കൗമാരക്കാര്‍ (സ്വയംഭോഗം ) എന്തു ചെയ്യുന്നുണ്ടെന്നറിയാന്‍ ക്ലാസിക്ക് നോവലുകള്‍ ആര്‍ത്തിയോടെ വായിച്ച കാലത്തെ കുറിച്ച് കൊചാന്‍ പറയുമ്പോള്‍ ഒരു വല്ലായ്മയോടെ വായനക്കാരനും ആ ഇരുളടന ദിനങ്ങളെ കുബസാരപ്പെട്ടു പോയെക്കാം.

യുദ്ധകാലത്ത് മരണത്തെ വല്ലാത്ത ധീരപ്രവര്‍ത്തിയായി കരുതുകയും, എന്നാല്‍ മരണത്തിന്റെ ശംബളമായ പട്ടാളത്തിലേക്കുള്ള ആളെടുപ്പു സമയത്ത് , അസുഖബാധിതനാണെന്ന് ഡോക്ടറുടെ കള്ള ശുപാര്‍ശ ഉണ്ടാക്കുന്നതിന് ഒടിനടന്ന തന്റെ ഭീരുത്വത്തെ കൊചാന്‍ (മിഷിമ ?) അനാവരണം ചെയ്യുന്നുണ്ട്. പിന്നിട് മിഷിമ ഹരാ-കിരി നടത്തിയത് , താന്‍ ഒരു ഭീരുവല്ലെന്നു തെളിയിക്കാനുള്ള ശ്രമം തന്നെയായിരിക്കണം. മരണത്തെ കുറിച്ചുള്ള വന്യവും വിചിത്രവുമായ പകല്‍കിനാവിനെ കുറിച്ച് കൊചാന്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. ഒരു രഹസ്യസങ്കേതത്തില്‍ കൊചാനായി വിഭവങ്ങളൊരുക്കുന്നു. ഇതിനിടെ തന്റെ സഹപാഠിയെ പാചകക്കാരന്‍ മുകളിലുള്ള അടുക്കളയിലേക്കു കൊണ്ടു പോകൂന്നു, പിന്തുടര്‍ന്ന കൊചാന്‍ കാണുന്നത് തന്റെ സഹപഠിയെ പാചകക്കാരന്‍ നഗ്നനാക്കി കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുന്നതാണ്. എന്നിട്ട് ആ ശരീരം കൊചാനുമുന്നില്‍ തീന്മേശക്കുമുകളില്‍ കിടത്തുന്നു. മൂര്‍ച്ചയേറിയ കത്തിയാല്‍ ആ ശരീരം കഷണങ്ങളായി മുറിച്ചെടുക്കുന്നു...!!!

കൊചാന്റെ ശരീരത്തോടുള്ള പ്രേമത്തിന്റെ ഭാഗമായിട്ടാണ് സ്വവര്‍ഗ്ഗപ്രേമത്തിലേക്ക് നിങ്ങുന്നത്. ക്ലാസ്സിലെ അവസാന ബഞ്ചില്‍ ഇരിക്കുന്ന ക്ലസ്സിലെ മുതിര്‍ന്ന (പല വര്‍ഷം ഒരേ ക്ലാസ്സില്‍ ഇരിക്കുന്ന ) സഹപാഠിയായ ഒമിയുടെ പേശികളുടെ ദൃഢതയും , കളികളേയും ജിംനേഷയവും നിയന്ത്രിക്കുന്ന തന്‍പോരിമയും അവനോടുള്ള ആരാധനയായി തീരുന്നു. കൊചാന്‍ ദിവസങ്ങളോളം അവനെ പിന്തുടരുകയും പിന്നീട് ആ പിന്തുടരല്‍ അവനോടുള്ള പ്രേമത്തിലേക്കും വഴിവെയ്ക്കുന്നു.

ഇതേ കലയളവില്‍ മറ്റൊരു സഹപാഠിയുടെ സഹോദരിയുമായി കൊചാന്‍ അടുക്കുന്നുണ്ട്. അത് വിവാഹബന്ധത്തോളം നീളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹ ആലോചന സമയത്ത് ഒരു തരം നിസംഗതയോടെ പെരുമാറുന്ന കൊചാന്‍ ഈ നിസംഗത അവളെ മറ്റൊരാള്‍ വിവാഹം കഴിക്കാന്‍ ഇടവരുമെന്നറിഞ്ഞിട്ടും തുടരുകയും വിവാഹബന്ധത്തില്‍ നിന്നും ഒഴിയാനുള്ള അവസരവും ഒരുക്കുന്നു. പിന്നീട് അവളെയും ഭര്‍ത്താവിനേയും അഭിമുഖികരിക്കുന്നതിനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല. അതു പോലെ ഒരു വേശ്യയുമായി കൊചാന്‍ ബന്ധപ്പെടുന്നുണ്ട് , ആ അവിഹിത ബന്ധവും ഒരു പരാജയമായി മാറുകയായിരുന്നു.

ജപ്പാന്റെ സാഹിത്യചരിത്രത്തില്‍ കൊടുങ്കാറ്റൂതിയ 'കണ്‍ഫെഷന്‍സ് ഓഫ് എ മാസ്ക്' 1949ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷശരീരത്തോടുള്ള വിഭ്രാമകമായ ആസ്ക്തിയും സ്വവര്‍ഗരതിയും ജ്വലിച്ചുനിന്ന ആ നോവല്‍ യഥാസ്ഥിക മന്‍സ്സുകളെ പൊള്ളിച്ചു. ജപ്പാന്‍നിസ് ഭാഷാസാഹിത്യത്തിലെ ആദ്യ നൊബേല്‍ പുരസ്കാരജേതാവായ യസുനാരി കവാബാത്ത ഈ രചനയെ പ്രകീര്‍ത്തിച്ച് ' മിഷിമ : 1950 കളുടെ പ്രതീക്ഷ ' എന്ന ലേഖനം എഴുതിയതോടെ ജപ്പാന്‍ സാംസ്കാരിക മണ്ഡലത്തില്‍ മിഷിമയ്ക്കു സ്വീകാരികത ലഭിക്കുകയും, ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിവെയ്ക്കുകയും ചെയ്തു. പിന്നീട് ആത്മഹത്യ ചെയ്യുബോഴേക്കും ജപ്പാനിസ് സാഹിത്യത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരുന്നു മിഷിമ.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായി 1925ല്‍ ടോക്യോവിലാണ് ഹിരേക കിമിതക എന്ന യുകിയോ മിഷിമ ജനിക്കുന്നത്. മകന്‍ സാഹിത്യരചനയിലേര്‍പ്പെടുന്നത് ഇഷ്ടമല്ലാതിരുന്ന പിതാവിനെ പേടിച്ചാണ് മിഷിമ എന്ന തൂലിക നാമത്തില്‍ എഴുതുവാന്‍ ഇടയായത്. മിഷിമയുടെ കുട്ടിക്കാലം മുത്തശ്ശിയുടെ കൂടെയായിരുന്നു. അവര്‍ തന്റെ പൂര്‍‌വികരായ സാമുറായിമാരുടെ സാഹസികവീര്യം കുഞ്ഞു മിഷിമയില്‍ കുത്തിവെച്ചു.

യുവാവായിരിക്കുമ്പോള്‍ തന്നെ വാര്‍ധക്യത്തിന് സ്പര്‍ശിക്കാന്‍ കഴിയാത്ത കരുത്തന്‍ ശരീരം തനിക്കുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍ അദ്ദേഹം ബോഡിബില്‍ഡിം‌ഗ് തുടങ്ങി. കരാട്ടെ, കെന്‍‌ഡോ തുടങ്ങിയ ആയോധനമുറകള്‍ അഭ്യസിക്കുകയും ചെയ്തിരുന്നു. സാമ്രാജ്യത്വ ജപ്പാന്റെ രാജ്യസ്നേഹത്തില്‍ ആകൃഷ്ടനായിരുന്നു മിഷിമ. സാമുറായിമാരുടെ ആചാരാനുഷ്ഠാനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 1968 ല്‍ ഷീല്‍ഡ് സൊസൈറ്റി സ്ഥാപിച്ചു. നൂറോളം യുവാക്കളുടെ ഒരു സ്വകാര്യ സേനയായിരുന്നു ഇത്.

1970 നവംബര്‍ 25ന് ടോക്യോവിലെ സൈനിക ആസ്ഥാനം അദ്ദേഹവും കൂട്ടാളികളും കൂടി പിടിച്ചടക്കി. യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്ന വീരസാഹസികാദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ നിരാശനായ മിഷിമ ആത്മരക്ഷസേന ആസ്ഥാനത്തിനു മുന്നില്‍ വന്ന് തന്റെ കുട്ടാളികളെ അതിസംബോധന ചെയ്തനു ശേഷം ഹരാ-കിരി അഥവ സെപ്പുകു നടത്തി. മിഷിമയും സഹായിയായ മോറിറ്റയും സെപ്പുകു അനുഷ്ഠിക്കുകയായിരുന്നു. 25 കാരനായ മോറിറ്റ മുന്നുതവണ മിഷിമയുടെ ശിരച്ഛേദം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ ഹിരൊയസു കോഗയാണ് മിഷിമയുടെ തല വെട്ടിയത്. മിഷിമയെപ്പോലെ വയര്‍ കുത്തിപ്പിളര്‍ന്ന മോറിറ്റയുടെ ശിരസ്സും കോഗ തന്നെ വാള്‍കൊണ്ട് അറുത്തെറിഞ്ഞു.

ആത്മഹത്യയുടെ ഏറ്റവും വേദനാജനകമായ രീതിയാണ് ഹരാ-കിരി അഥവാ സെപ്പുകു. വയര്‍ പിളര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ജപ്പാനിലെ പരമ്പരാഗത യോദ്ധാക്കളായ സാമുറായികളുടെ അനുഷ്ഠാനമരണ രീതിയാണിത്. മരിക്കാനൊരുങ്ങുന്ന ആള്‍ക്ക് ഒരു സഹായി ഉണ്ടാകും, കൈഷാകു എന്നാണു അയാള്‍ അറിയപ്പെടുന്നത് . ആത്മഹത്യചെയ്യുന്ന ആള്‍ വാള്‍ തന്റെ വയറില്‍ കുത്തികയറ്റിയതിനു ശേഷം വലത്തോട്ടും ഇടത്തോട്ടും പിളര്‍ക്കും, അതിനു ശേഷം കൈഷാകു (സഹായി) ആത്മഹത്യചെയ്യുന്ന ആളുടെ തലവെട്ടിമാറ്റും.

മരണത്തോടുള്ള കാലപനികമായ അഭിനിവേശം പ്രകടമാക്കുന്ന മിഷിമയുടെ 'മുഖപടത്തിന്റെ കുബസാരങ്ങള്‍' സാംസ്കാരിക മുഖ്യധാരക്ക് പുറത്തുള്ള ഒരു വ്യക്തിയുടെ സ്വത്വാവിഷ്കാരമാണ്. നമുടെ വീരഗാഥകള്‍ക്ക് പുറത്തുള്ളതാണ് മിഷിമയുടെ ജീവിതവും സാഹിത്യവും. സാഹിത്യത്തിനെ ആദര്‍ശത്തിന്റെയും ധാര്‍മ്മികത്തയുടേയും വിളംബര പ്രഖ്യാപനമായിരിക്കണമെന്നു പ്രസംഗിക്കുന്ന സാംസകാരിക നായകന്മാര്‍ക്ക് ഇത്തരം കൃതികള്‍ ഇഷ്ടപ്പെടമെന്നില്ല. മലയാളത്തില്‍ ബഷീറിന്റെ 'ശബ്ദങ്ങള്‍' മാത്രമായിരിക്കും ഒരു പക്ഷേ വിദൂരമായ അടുത്തു നില്‍ക്കുന്ന കൃതി.

കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)

' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയെ കുറിച്ചുള്ള ലേഖനം
വിക്കി പേജ്ജ്

Monday, May 25, 2009

ഫെര്‍നാഡോ പെസ്സോ (Fernando Pessoa) യുടെ അശാന്തതയുടെ പുസ്തകം (The Book of Disquiet)ഫെര്‍നാഡോ പെസ്സോയുടെ അശാന്തതയുടെ പുസ്തകം പോലൊന്ന് ഞാന്‍ ഇതു വരെ വായിച്ചിട്ടില്ല. എറണകുളത്ത് ഇംഗ്ലിഷ് പുസ്തകങ്ങളുടെ കട (റാന്തല്‍) തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങില്‍, ഞാന്‍ ആകസ്മികമായി പങ്കെടുക്കാന്‍ ഇടയായി. അവിടെ വെച്ച് വൈക്കം മുരളി സാര്‍ , ഭാഗ്യത്തിനാണ് ഈ പുസ്തകം (The Book of Disquiet) ഇവിടെയുള്ളതെന്നും, ഒരു സംശയവും കൂടാതെ പുസ്തകം വാങ്ങിച്ചോളാനും പറഞ്ഞു. ഇംഗ്ലിഷ് പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ അല്പ്പം മടിയോടെയാണ് ഞാനത് വാങ്ങിച്ചത്

1888 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഫെര്‍നാന്‍ഡൊ പെസ്സോ ജനിക്കുന്നത്. അധുനിക പോര്‍ച്ചുഗീസ് ഭാഷയില്‍ ആധുനികതയുടെ വികാസത്തില്‍ പ്രമുഖ പങ്കുവഹിച്ച പെസ്സോ . ജീവിച്ചിരുന്ന കാലത്ത് അധികം പ്രസിദ്ധനായിരുന്നില്ല. അപരനാമങ്ങളിലാണ് പെസ്സോ കൂടുതലും എഴുതിയിരുന്നത്. എന്നാല്‍ പെസ്സൊ തന്റെ തൂലികനാമങ്ങളാണ് അതെന്ന് സമ്മതിക്കുമായിരുന്നില്ല അതെല്ലാം എഴുത്തുകാരനിലെ അപരന്‍ മാരാണെന്നും അവര്‍ക്കെല്ലാം വേറിട്ടതും ഭിന്നവുമായ വ്യക്തിത്വമുണ്ടെന്നു തോന്നുന്ന രിതിയിലുള്ള എഴുത്ത് . റിക്കാര്‍ഡോ റിയസ്, ആല്‍ബര്‍ട്ടോ കയീറോ, അല്വരോ ഡി കാമ്പോസ്, ബര്‍നാഡൊ സൊയെറസ് തുടങ്ങിയ നാമങ്ങളെല്ലാം അദ്ദേഹത്തിന്റെ അപരന്മാരാണ്. പെസ്സോ അപരവ്യക്തിത്വങ്ങളെ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത് അവര്‍ക്കെല്ലാം അവരുടെതായ ലോകവീക്ഷണവും തത്ത്വചിന്തയും ജീവചരിത്രവും നല്‍കി, ഒന്നിനൊന്ന് വ്യത്യസ്തമായവ. വ്യത്യസ്ത ഭാഷാരീതിയും ശൈലിയും പ്രസ്ഥാനാഭിമുഖ്യവുമുള്ളവര്‍. ഒരാള്‍ കാല്പനികാണെങ്കില്‍, മറ്റെയാള്‍ യഥാസ്ഥികന്‍. ഒരാള്‍ വിശ്വാസിയാണെങ്കില്‍ മറ്റെയാള്‍ അവിശ്വാസിയും വിപ്ലവകാരിരയും . പ്രകൃതിവാദികള്‍, ജീവിതം അഘോഷിച്ചു തീര്‍ക്കുന്നവര്‍, സദാ വാചാലര്‍, മൗനികള്‍. പൊസ്സോയിലെ എഴുത്തുകാരന്‍ പലരായിപ്പിരിഞ്ഞു, അതിനിടയില്‍ സ്വന്തം പേരിലും എഴുതി.

1935 ല്‍ നാല്പത്തിയേഴാം വയസ്സില്‍ പെസ്സോ മരിക്കുമ്പോള്‍, ലിസ്ബണിലെ അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയ ട്രങ്ക് പെട്ടിയില്‍ ഇരുപത്തിയയ്യായിരത്തോളം അപ്രകാശിത രചനകള്‍ ഉണ്ടായിരുന്നു. അത് മുഴുവനും സാഹിത്യത്തിലെ വന്യമായ ദ്വീപുകള്‍ പോലെ മനോഹരമായവ. ഡയറിക്കുറിപ്പുകള്‍, കവിതകള്‍, അയക്കപ്പെടാത്ത കത്തുകള്‍, കഥാശകലങ്ങള്‍, തത്വചിന്തകള്‍, അനുഭവകുറിപ്പുകള്‍. അതില്‍ നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി പിന്നിട് പുറത്തു വന്നത്.

പെസ്സോവിന്റെ ബര്‍നാഡൊ സൊയെറസ് എന്ന അപരന്റെ കുറിപ്പുകളായിട്ടാണ് അശാന്തതയുടെ പുസ്തകം സമാഹരിച്ചിരിക്കുന്നത്. ലിസ്ബണിലെ റൂത്ത് ഡോസ് ഡെറഡോറസില്‍ ഒരു പുസ്തകശാലയിലെ കണക്കെഴുത്തുകാരാനാണ് സൊയെറസ് . അയാള്‍ക്ക് എവിടേയും പോകാനില്ല, ആരേയും കാണാനില്ല. പുസ്തകം വായനയില്‍ താത്പര്യമില്ല, വിരസത അയാളെ പൊതിഞ്ഞിരിക്കുന്നു. അത്താഴം കഴിഞ്ഞാല്‍ നേരെ തന്റെ വാടകമുറിയില്‍ പോകും, ഉറക്കം വരാതെ ഇരിക്കുന്ന രാത്രികളില്‍ കുറിപ്പുകള്‍ എഴുതും. അത് എന്തുമാവാം. ജീവിതത്തെ കുറിച്ച്, മരണത്തെ കുറിച്ച്, തത്വചിന്തകള്‍, രാഷട്രീയ നിരീക്ഷണങ്ങള്‍, വിരസതയെ കുറിച്ച്, മറവിയെ കുറിച്ച് , സത്യത്തെ കുറിച്ച് അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു. ചിലപ്പോള്‍ ഈ കുറിപ്പുകള്‍ പേജ്ജുകള്‍ നീളുമ്പോള്‍ , മറ്റുചിലത് ഒരൊറ്റ വരി മാത്രം. ചില കുറിപ്പുകള്‍ക്കു മാത്രം തിയതി കുറിച്ചിരുന്നു.

നിങ്ങള്‍ ഏകാന്തതയും വിരസതയും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ബര്‍നാഡൊ സൊയെറസിനെ നിങ്ങളക്ക് ഒഴിവാക്കാനാവില്ല, കാരണം അയാള്‍ നിങ്ങളിലുണ്ട്. ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ് ‘അശാന്തതയുടെ പുസ്തകം’ ഞാന്‍ വായിച്ചത് അതെന്നെ എത്രമാത്രം അശാന്തപ്പെടുത്തുകയും വിരസപ്പെടുത്തുകയും അമുര്‍ത്തമായ ആശയങ്ങളില്‍ കുടുക്കുകയും ചെയ്തു. വിരസത കൊണ്ടും , അശാന്തത കൊണ്ടും വായനയെ മുന്നോട്ടു നീക്കുവാന്‍ കഴിയാത്ത രീതിയില്‍, കാറ്റിലും കോളിലും പെട്ട് നടുക്കടലില്‍ വട്ടം ചുറ്റുന്ന കപ്പലുപോലെ ഞാന്‍ നട്ടംതിരിഞ്ഞു, വായിക്കാന്‍ കഴിയാതെ ഓരോ പ്രാവിശ്യവും പുസ്തകം അടച്ചുവെക്കുമ്പോഴും ഞാന്‍ കുറ്റബോധം കൊണ്ടു, ഞാന്‍ എന്നെ തന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി അതിനാല്‍ തന്നെ പിന്നെയും ‘അശാന്തതയുടെ പുസ്തകം’ തുറന്നു. അതൊരു പ്രക്രിയായി രണ്ടു വര്‍ഷത്തോളം നീണ്ടു. എനിക്ക് വളരെ കുറച്ചു മാത്രമെ സൊയെറസിനെയും അയാളുടെ കുറിപ്പുകളും മനസ്സിലായിട്ടുള്ളു (അതിലും എത്രകുറച്ചാണ് എനിക്ക് എന്നെ മനസ്സിലായിട്ടുള്ളു ) എങ്കിലും ഞാനറിയുന്നുണ്ടായിരുന്നു അതെല്ലാം എനിക്ക് ഒരിക്കലും എഴുതുവാന്‍ കഴിയാതെ പോക്കുന്ന കുറിപ്പുകളാണെന്ന് . കേട്ട മധുര ഗാനങ്ങളേക്കാള്‍ എത്രയോ മനോഹരമാണ് , കേള്‍ക്കാനിരിക്കുന്നത് എന്നതു പോലെ നമുക്ക് എഴുതുവാന്‍ കഴിയാതെ പോകുന്ന കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി മാറുന്നത്.

കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ 'എന്റെ പുസ്തകം' എന്ന പംക്തിയില്‍ കവി ടി പി രാജീവന്‍ എഴുതിയ അശാന്തിയുടെ പുസ്തകം
ജോര്‍ജ്ജ് സ്റ്റെയിനര്‍ ഒബസര്‍‌വെര്‍ എഴുതിയ നിരൂപണം A man of many parts
വിക്കി പേജ്ജ്
The Book of Disquiet പരിഭാഷപ്പെടുത്തിയ മാര്‍ഗരെറ്റ് ജുള്‍ കൊസ്റ്റ എഴുതിയ ആമുഖം