Sunday, June 07, 2009

യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask)
പ്രണത ബുക്സിന്റെ ' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയുടെ ആത്മഹത്യയേയും, എഴുത്തിനേയും, ജീവിതത്തേയും കുറിച്ചുള്ള ലേഖനം വായിച്ചതു മുതല്‍ യുക്കിയോ മിഷിമയുടെ (Yukio Mishima) 'മുഖപടത്തിന്റെ കുബസാരങ്ങള്‍' (Confessions of a Mask) വായിക്കാന്‍ ലൈബ്രറിയില്‍ അന്വേഷിച്ചിരുന്നു, എന്നാല്‍ പിന്നീട് വളരെ നാളുകള്‍ക്ക് ശേഷം, ഈ അടുത്ത കാലത്താണ് അത് ലൈബ്രറിയില്‍ നിന്നും കിട്ടിയത്. തുറന്നെഴുത്തിന്റെ ആപല്‍ക്കരമായ സത്യസന്ധതക്കു മുന്നില്‍ നമ്മളെ പകച്ചിരുത്തുന്ന അപൂര്‍‌വ്വം കൃതികളിലൊന്ന്. വിചിത്രകല്‍‌പനകളിലും വിഭ്രാമകഭാവനകളിലൂടെയും , ലൈം‌ഗിക ബന്ധത്തെ കുറിച്ചുള്ള ജൈവികമായ അറിവുകളും, അനുഭവങ്ങളും ഒരു കൗമാരക്കാരനെ എത്രമാതം അസ്വസ്തപ്പെടുത്തുന്നു എന്നു മിഷിമ ഇതില്‍ വരച്ചുകാട്ടുന്നു.

മുഖപടത്തിന്റെ കുബസാരങ്ങള്‍ എന്ന മിഷിമയുടെ ആത്മകഥാപരമായ നോവല്‍ അവതരിപ്പിക്കുന്നത് കൊചാന്‍ എന്ന കൗമാരക്കാരനായ ആഖ്യാതാവിലൂടെയാണ് . പ്രഥമപുരുഷനിലൂടെ (ഞാന്‍, എന്റെ ) കൊചാന്‍ തന്റെ കൗമാരത്തിലെ സ്വയംഭോഗത്തെ കുറിച്ചും, സ്വവര്‍ഗപ്രേമത്തെ കുറിച്ചും, സ്ത്രീ ബന്ധത്തെ കുറിച്ചും തുറന്നെഴുതുകയാണ് . അതിലെ വിചിത്രകല്പനകള്‍ നമ്മുടെയെല്ലാം കൗമാരത്തിലെ സ്വപ്നങ്ങളേയും മനോരാജ്യങ്ങളേയും കൊഴുപ്പിച്ച് ചീറ്റിതെറിപ്പിച്ച ക്ഷീരവര്‍ണ്ണ പശ്ചാതലത്തില്‍ വരച്ചിട്ട ചിത്രങ്ങള്‍ തന്നെ. സ്വയംഭോഗ ചരിത്രങ്ങള്‍ , മരണത്തോടുള്ള ആസക്തി, സ്വവര്‍ഗ്ഗപ്രേമം, സ്ത്രീ ബന്ധങ്ങള്‍ ഇതിലൂടെയാണ് കൊചാന്‍ മുഖമൂടികള്‍ക്കുള്ളില്‍ ഇരുന്നു കൊണ്ട് തന്റെ കുംബസാര രഹസ്യങ്ങള്‍ അവതരിപ്പിക്കുന്നത്. യുദ്ധാനന്തര ജപ്പാനില്‍ ഒരു സ്വവര്‍ഗ്ഗപ്രേമി നേരിടുന്ന സാമൂഹിക ഭ്രഷ്ട് മറികടക്കുന്നതിന് മുഖപടങ്ങള്‍ അണിയേണ്ടതിന്റെ ഗതികേടിനെ മനോഹരമായി മിഷിമ തന്റെ കൊചാനിലൂടെ അവതരിപ്പിക്കുകയാണ്. ഒരോ നിമിഷവും ഈ മുഖപടമണിയുന്ന മലയാള സമൂഹത്തിന് കൊചാന്റെ നൊമ്പരമറിയണമെന്നില്ല , നമുക്ക് സ്വന്തം മുഖം തന്നെ മുഖപടമായി എന്നേ മാറിയിരിക്കുന്നു.


അച്ഛന്റെ പഠനമുറിയിലെ അലമാരിയില്‍, ചിത്രകലയുമായി ബന്ധപ്പെട്ട പഴയ പുസ്തകങ്ങള്‍ പരതുന്നതിനിടെ , വൃക്ഷത്തില്‍ ക്രൂശിതനായി, രക്തസാക്ഷിയായ വിശുദ്ധനായ സെബാസ്റ്റ്യന്റെ ചിത്രം കണ്ണില്‍പെട്ട കൊചാന്‍ (മിഷിമ ?) , അമ്പേറ്റ് ശരീരത്തിലെ മുറിവുനാഴങ്ങളില്‍ നിന്നും ഒഴുകുന്ന രക്തം കണ്ട് , അന്നാദ്യമായി സ്വയംഭോഗം ചെയ്തു. തന്റെ പ്രായത്തിലുള്ള കൗമാരക്കാര്‍ (സ്വയംഭോഗം ) എന്തു ചെയ്യുന്നുണ്ടെന്നറിയാന്‍ ക്ലാസിക്ക് നോവലുകള്‍ ആര്‍ത്തിയോടെ വായിച്ച കാലത്തെ കുറിച്ച് കൊചാന്‍ പറയുമ്പോള്‍ ഒരു വല്ലായ്മയോടെ വായനക്കാരനും ആ ഇരുളടന ദിനങ്ങളെ കുബസാരപ്പെട്ടു പോയെക്കാം.

യുദ്ധകാലത്ത് മരണത്തെ വല്ലാത്ത ധീരപ്രവര്‍ത്തിയായി കരുതുകയും, എന്നാല്‍ മരണത്തിന്റെ ശംബളമായ പട്ടാളത്തിലേക്കുള്ള ആളെടുപ്പു സമയത്ത് , അസുഖബാധിതനാണെന്ന് ഡോക്ടറുടെ കള്ള ശുപാര്‍ശ ഉണ്ടാക്കുന്നതിന് ഒടിനടന്ന തന്റെ ഭീരുത്വത്തെ കൊചാന്‍ (മിഷിമ ?) അനാവരണം ചെയ്യുന്നുണ്ട്. പിന്നിട് മിഷിമ ഹരാ-കിരി നടത്തിയത് , താന്‍ ഒരു ഭീരുവല്ലെന്നു തെളിയിക്കാനുള്ള ശ്രമം തന്നെയായിരിക്കണം. മരണത്തെ കുറിച്ചുള്ള വന്യവും വിചിത്രവുമായ പകല്‍കിനാവിനെ കുറിച്ച് കൊചാന്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. ഒരു രഹസ്യസങ്കേതത്തില്‍ കൊചാനായി വിഭവങ്ങളൊരുക്കുന്നു. ഇതിനിടെ തന്റെ സഹപാഠിയെ പാചകക്കാരന്‍ മുകളിലുള്ള അടുക്കളയിലേക്കു കൊണ്ടു പോകൂന്നു, പിന്തുടര്‍ന്ന കൊചാന്‍ കാണുന്നത് തന്റെ സഹപഠിയെ പാചകക്കാരന്‍ നഗ്നനാക്കി കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുന്നതാണ്. എന്നിട്ട് ആ ശരീരം കൊചാനുമുന്നില്‍ തീന്മേശക്കുമുകളില്‍ കിടത്തുന്നു. മൂര്‍ച്ചയേറിയ കത്തിയാല്‍ ആ ശരീരം കഷണങ്ങളായി മുറിച്ചെടുക്കുന്നു...!!!

കൊചാന്റെ ശരീരത്തോടുള്ള പ്രേമത്തിന്റെ ഭാഗമായിട്ടാണ് സ്വവര്‍ഗ്ഗപ്രേമത്തിലേക്ക് നിങ്ങുന്നത്. ക്ലാസ്സിലെ അവസാന ബഞ്ചില്‍ ഇരിക്കുന്ന ക്ലസ്സിലെ മുതിര്‍ന്ന (പല വര്‍ഷം ഒരേ ക്ലാസ്സില്‍ ഇരിക്കുന്ന ) സഹപാഠിയായ ഒമിയുടെ പേശികളുടെ ദൃഢതയും , കളികളേയും ജിംനേഷയവും നിയന്ത്രിക്കുന്ന തന്‍പോരിമയും അവനോടുള്ള ആരാധനയായി തീരുന്നു. കൊചാന്‍ ദിവസങ്ങളോളം അവനെ പിന്തുടരുകയും പിന്നീട് ആ പിന്തുടരല്‍ അവനോടുള്ള പ്രേമത്തിലേക്കും വഴിവെയ്ക്കുന്നു.

ഇതേ കലയളവില്‍ മറ്റൊരു സഹപാഠിയുടെ സഹോദരിയുമായി കൊചാന്‍ അടുക്കുന്നുണ്ട്. അത് വിവാഹബന്ധത്തോളം നീളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹ ആലോചന സമയത്ത് ഒരു തരം നിസംഗതയോടെ പെരുമാറുന്ന കൊചാന്‍ ഈ നിസംഗത അവളെ മറ്റൊരാള്‍ വിവാഹം കഴിക്കാന്‍ ഇടവരുമെന്നറിഞ്ഞിട്ടും തുടരുകയും വിവാഹബന്ധത്തില്‍ നിന്നും ഒഴിയാനുള്ള അവസരവും ഒരുക്കുന്നു. പിന്നീട് അവളെയും ഭര്‍ത്താവിനേയും അഭിമുഖികരിക്കുന്നതിനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ല. അതു പോലെ ഒരു വേശ്യയുമായി കൊചാന്‍ ബന്ധപ്പെടുന്നുണ്ട് , ആ അവിഹിത ബന്ധവും ഒരു പരാജയമായി മാറുകയായിരുന്നു.

ജപ്പാന്റെ സാഹിത്യചരിത്രത്തില്‍ കൊടുങ്കാറ്റൂതിയ 'കണ്‍ഫെഷന്‍സ് ഓഫ് എ മാസ്ക്' 1949ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുരുഷശരീരത്തോടുള്ള വിഭ്രാമകമായ ആസ്ക്തിയും സ്വവര്‍ഗരതിയും ജ്വലിച്ചുനിന്ന ആ നോവല്‍ യഥാസ്ഥിക മന്‍സ്സുകളെ പൊള്ളിച്ചു. ജപ്പാന്‍നിസ് ഭാഷാസാഹിത്യത്തിലെ ആദ്യ നൊബേല്‍ പുരസ്കാരജേതാവായ യസുനാരി കവാബാത്ത ഈ രചനയെ പ്രകീര്‍ത്തിച്ച് ' മിഷിമ : 1950 കളുടെ പ്രതീക്ഷ ' എന്ന ലേഖനം എഴുതിയതോടെ ജപ്പാന്‍ സാംസ്കാരിക മണ്ഡലത്തില്‍ മിഷിമയ്ക്കു സ്വീകാരികത ലഭിക്കുകയും, ചൂടുപിടിച്ച ചര്‍ച്ചയ്ക്കു വഴിവെയ്ക്കുകയും ചെയ്തു. പിന്നീട് ആത്മഹത്യ ചെയ്യുബോഴേക്കും ജപ്പാനിസ് സാഹിത്യത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയിരുന്നു മിഷിമ.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകനായി 1925ല്‍ ടോക്യോവിലാണ് ഹിരേക കിമിതക എന്ന യുകിയോ മിഷിമ ജനിക്കുന്നത്. മകന്‍ സാഹിത്യരചനയിലേര്‍പ്പെടുന്നത് ഇഷ്ടമല്ലാതിരുന്ന പിതാവിനെ പേടിച്ചാണ് മിഷിമ എന്ന തൂലിക നാമത്തില്‍ എഴുതുവാന്‍ ഇടയായത്. മിഷിമയുടെ കുട്ടിക്കാലം മുത്തശ്ശിയുടെ കൂടെയായിരുന്നു. അവര്‍ തന്റെ പൂര്‍‌വികരായ സാമുറായിമാരുടെ സാഹസികവീര്യം കുഞ്ഞു മിഷിമയില്‍ കുത്തിവെച്ചു.

യുവാവായിരിക്കുമ്പോള്‍ തന്നെ വാര്‍ധക്യത്തിന് സ്പര്‍ശിക്കാന്‍ കഴിയാത്ത കരുത്തന്‍ ശരീരം തനിക്കുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയില്‍ അദ്ദേഹം ബോഡിബില്‍ഡിം‌ഗ് തുടങ്ങി. കരാട്ടെ, കെന്‍‌ഡോ തുടങ്ങിയ ആയോധനമുറകള്‍ അഭ്യസിക്കുകയും ചെയ്തിരുന്നു. സാമ്രാജ്യത്വ ജപ്പാന്റെ രാജ്യസ്നേഹത്തില്‍ ആകൃഷ്ടനായിരുന്നു മിഷിമ. സാമുറായിമാരുടെ ആചാരാനുഷ്ഠാനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 1968 ല്‍ ഷീല്‍ഡ് സൊസൈറ്റി സ്ഥാപിച്ചു. നൂറോളം യുവാക്കളുടെ ഒരു സ്വകാര്യ സേനയായിരുന്നു ഇത്.

1970 നവംബര്‍ 25ന് ടോക്യോവിലെ സൈനിക ആസ്ഥാനം അദ്ദേഹവും കൂട്ടാളികളും കൂടി പിടിച്ചടക്കി. യുദ്ധത്തിന് മുമ്പ് ഉണ്ടായിരുന്ന വീരസാഹസികാദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ നിരാശനായ മിഷിമ ആത്മരക്ഷസേന ആസ്ഥാനത്തിനു മുന്നില്‍ വന്ന് തന്റെ കുട്ടാളികളെ അതിസംബോധന ചെയ്തനു ശേഷം ഹരാ-കിരി അഥവ സെപ്പുകു നടത്തി. മിഷിമയും സഹായിയായ മോറിറ്റയും സെപ്പുകു അനുഷ്ഠിക്കുകയായിരുന്നു. 25 കാരനായ മോറിറ്റ മുന്നുതവണ മിഷിമയുടെ ശിരച്ഛേദം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. ഒടുവില്‍ ഹിരൊയസു കോഗയാണ് മിഷിമയുടെ തല വെട്ടിയത്. മിഷിമയെപ്പോലെ വയര്‍ കുത്തിപ്പിളര്‍ന്ന മോറിറ്റയുടെ ശിരസ്സും കോഗ തന്നെ വാള്‍കൊണ്ട് അറുത്തെറിഞ്ഞു.

ആത്മഹത്യയുടെ ഏറ്റവും വേദനാജനകമായ രീതിയാണ് ഹരാ-കിരി അഥവാ സെപ്പുകു. വയര്‍ പിളര്‍ക്കുക എന്നതാണ് ഇതിനര്‍ഥം. ജപ്പാനിലെ പരമ്പരാഗത യോദ്ധാക്കളായ സാമുറായികളുടെ അനുഷ്ഠാനമരണ രീതിയാണിത്. മരിക്കാനൊരുങ്ങുന്ന ആള്‍ക്ക് ഒരു സഹായി ഉണ്ടാകും, കൈഷാകു എന്നാണു അയാള്‍ അറിയപ്പെടുന്നത് . ആത്മഹത്യചെയ്യുന്ന ആള്‍ വാള്‍ തന്റെ വയറില്‍ കുത്തികയറ്റിയതിനു ശേഷം വലത്തോട്ടും ഇടത്തോട്ടും പിളര്‍ക്കും, അതിനു ശേഷം കൈഷാകു (സഹായി) ആത്മഹത്യചെയ്യുന്ന ആളുടെ തലവെട്ടിമാറ്റും.

മരണത്തോടുള്ള കാലപനികമായ അഭിനിവേശം പ്രകടമാക്കുന്ന മിഷിമയുടെ 'മുഖപടത്തിന്റെ കുബസാരങ്ങള്‍' സാംസ്കാരിക മുഖ്യധാരക്ക് പുറത്തുള്ള ഒരു വ്യക്തിയുടെ സ്വത്വാവിഷ്കാരമാണ്. നമുടെ വീരഗാഥകള്‍ക്ക് പുറത്തുള്ളതാണ് മിഷിമയുടെ ജീവിതവും സാഹിത്യവും. സാഹിത്യത്തിനെ ആദര്‍ശത്തിന്റെയും ധാര്‍മ്മികത്തയുടേയും വിളംബര പ്രഖ്യാപനമായിരിക്കണമെന്നു പ്രസംഗിക്കുന്ന സാംസകാരിക നായകന്മാര്‍ക്ക് ഇത്തരം കൃതികള്‍ ഇഷ്ടപ്പെടമെന്നില്ല. മലയാളത്തില്‍ ബഷീറിന്റെ 'ശബ്ദങ്ങള്‍' മാത്രമായിരിക്കും ഒരു പക്ഷേ വിദൂരമായ അടുത്തു നില്‍ക്കുന്ന കൃതി.

കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)

' ആത്മഹത്യ ജീവിതം കൊണ്ട് മുറിവേറ്റവന്റെ വാക്ക് ' എന്ന പുസ്തകത്തിലെ 'ഉടലില്‍ മരണം കൊത്തിയ വചനം' എന്ന മിഷിമയെ കുറിച്ചുള്ള ലേഖനം
വിക്കി പേജ്ജ്

11 comments:

hAnLLaLaTh said...

ഇതെല്ലാം പുതിയ അറിവുകളാണ്...
ഒരുപാട് നന്ദി...

പുസ്തകപ്പുഴു said...

ഹന്‍‌ലല്ലത്ത്
നന്ദിയുടെ എന്താവിശ്യം . ഇവിടെ വന്നതിന് , വായിച്ചതിന് ഞാനായിരുന്നില്ലേ .....
മുറിവുകളില്‍ ഇനിയും ഒരുപാട് രക്തം ഒഴുകാനുണ്ട് !!! . മുറിവുകളിലെ കവിതകള്‍ വായിക്കുന്നതേയുള്ളു

VINAYA N.A said...

puthiya arivukal thanne.enthellam pranthukal

Anonymous said...

വളരെ നന്നായി.
ചില എഴുത്തുകൾ അങ്ങിനെ ഒക്കെയാണ്‌.കാലഘട്ടത്തോടും,നിലനിൽക്കുന്ന സാമൂഹ്യ സഹചര്യങ്ങളോടും ഒക്കെകലഹിച്ച്‌....
ഇതു ഞാൻ വായിച്ചിട്ടില്ല.ഉടനെ വായിക്കുന്നുണ്ട്‌.
എന്നാൽ ഇന്നത്തെ ജാപ്പനീസ്‌ എഴുത്ത്‌ എവിടെയാണ്‌?പടിഞ്ഞാറിനും,കിഴക്കിനും ഇടക്കെവിടെയൊക്കെയോ.ഹരൂകി
മുറകാമി ഒക്കെയാണ്‌ യുവാക്കൾക്കിടയിൽ ഒരു ഐക്കൺ.അയാളുടെ നോർവ്വീജിയൻ വുഡ്‌ ഒക്കെ എന്തു സന്ദേശമാണ്‌ മു ൻ
പോട്ട്‌ വെക്കുന്നത്‌? വരികൾക്കിടയിലെ സംഗീതവും,യുവത്വത്തിന്റെ എനർജിയും ഒഴിച്ച്‌ നിർത്തിയാൽ അങ്ങേയറ്റത്തെ westernized ആണാത്‌.
ലക്ഷക്കണക്കിനു കോപ്പികൾ വിറ്റ്‌ റെക്കോഡ്‌ സൃഷ്ടിച്ചു പോലും.:)

പുസ്തകപ്പുഴു said...

വിനയുടെ 'എന്റെ കഥ (ഒരു മലയാളയുവതിയുടെ ജീവിതയാത്ര)' ഞാന്‍ ഇതു വരെ വായിച്ചിട്ടില്ല.
മലയാളത്തില്‍ വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കൃതിയാണല്ലോ അത്. കഴിവതും വേഗം ഞാന്‍ അതു വായിക്കാം. വ്യക്തി ജീവിതത്തില്‍ (പോലീസിന്റെ പുരുഷമേധാവിത്വത്തോട് പൊരുതി) തന്റേടത്തിന്റെ പ്രതീകമായി മാറിയിരിക്കുന്ന വിനയുടെ കഥ വായിക്കപെടേണ്ട കൃതിയാണ്

പുസ്തകപ്പുഴു said...

ശബ്ദമേ....
വന്നു വായിച്ചതിന് നന്ദി പറയുന്നില്ല.
ഹരൂകി മുറകാമി യുടെ കൃതികളൊന്നും വായിച്ചിട്ടില്ല. കവാബാത്തയുടെ ഒന്നുരണ്ടണ്ണമേ, ജപ്പനീസ് സാഹിത്യത്തില്‍ നിന്നും വായിച്ചിട്ടുള്ളു. ശബ്ദത്തിന്റെ ജപ്പനീസ് അനുഭവത്തില്‍ മറ്റുള്ള കുലപതികള്‍ ആരെല്ലാമാണ്.

സന്തോഷ്‌ പല്ലശ്ശന said...

എത്തിപ്പെടന്‍ വൈകിപ്പോയി ഞാന്‍ ഈ ബ്ളോഗ്ഗില്‍ നന്ദി വളരെ വളരെ...

പുസ്തകപ്പുഴു said...

സന്തോഷേ....
വന്നു വായിച്ചതിന് അങ്ങോട്ടേക്കും , പലിശ അടക്കം നന്ദി.
കുബസാരത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായമറിയുന്നതിന് ആഗ്രഹമുണ്ട്

സന്തോഷ്‌ പല്ലശ്ശന said...

വായിച്ചിട്ടില്ല വായിക്കാം അനുഭവം തീര്‍ച്ചയായും പങ്കുവയ്ക്കും....കണ്ടതായോര്‍ക്കുന്നു ഈ പുസ്തകം...ഇവിടെ മുംബൈയ്‌ കോര്‍ട്ട്‌ സ്റ്റ്രീറ്റിലെ ഒരു വഴിയോര പുസ്തകക്കടയില്‍. വങ്ങിയിരുന്നില്ല..

Anonymous said...

nalla aRivukaL..

binish said...

ee pustakam vayikkanamennu thonnunnu