Monday, May 25, 2009
ഫെര്‍നാഡോ പെസ്സോ (Fernando Pessoa) യുടെ അശാന്തതയുടെ പുസ്തകം (The Book of Disquiet)
ഫെര്‍നാഡോ പെസ്സോയുടെ അശാന്തതയുടെ പുസ്തകം പോലൊന്ന് ഞാന്‍ ഇതു വരെ വായിച്ചിട്ടില്ല. എറണകുളത്ത് ഇംഗ്ലിഷ് പുസ്തകങ്ങളുടെ കട (റാന്തല്‍) തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ ചടങ്ങില്‍, ഞാന്‍ ആകസ്മികമായി പങ്കെടുക്കാന്‍ ഇടയായി. അവിടെ വെച്ച് വൈക്കം മുരളി സാര്‍ , ഭാഗ്യത്തിനാണ് ഈ പുസ്തകം (The Book of Disquiet) ഇവിടെയുള്ളതെന്നും, ഒരു സംശയവും കൂടാതെ പുസ്തകം വാങ്ങിച്ചോളാനും പറഞ്ഞു. ഇംഗ്ലിഷ് പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ അല്പ്പം മടിയോടെയാണ് ഞാനത് വാങ്ങിച്ചത്
1888 ല്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഫെര്‍നാന്‍ഡൊ പെസ്സോ ജനിക്കുന്നത്. അധുനിക പോര്‍ച്ചുഗീസ് ഭാഷയില്‍ ആധുനികതയുടെ വികാസത്തില്‍ പ്രമുഖ പങ്കുവഹിച്ച പെസ്സോ . ജീവിച്ചിരുന്ന കാലത്ത് അധികം പ്രസിദ്ധനായിരുന്നില്ല. അപരനാമങ്ങളിലാണ് പെസ്സോ കൂടുതലും എഴുതിയിരുന്നത്. എന്നാല്‍ പെസ്സൊ തന്റെ തൂലികനാമങ്ങളാണ് അതെന്ന് സമ്മതിക്കുമായിരുന്നില്ല അതെല്ലാം എഴുത്തുകാരനിലെ അപരന്‍ മാരാണെന്നും അവര്‍ക്കെല്ലാം വേറിട്ടതും ഭിന്നവുമായ വ്യക്തിത്വമുണ്ടെന്നു തോന്നുന്ന രിതിയിലുള്ള എഴുത്ത് . റിക്കാര്‍ഡോ റിയസ്, ആല്‍ബര്‍ട്ടോ കയീറോ, അല്വരോ ഡി കാമ്പോസ്, ബര്‍നാഡൊ സൊയെറസ് തുടങ്ങിയ നാമങ്ങളെല്ലാം അദ്ദേഹത്തിന്റെ അപരന്മാരാണ്. പെസ്സോ അപരവ്യക്തിത്വങ്ങളെ സൃഷ്ടിക്കുക മാത്രമല്ല ചെയ്തത് അവര്‍ക്കെല്ലാം അവരുടെതായ ലോകവീക്ഷണവും തത്ത്വചിന്തയും ജീവചരിത്രവും നല്‍കി, ഒന്നിനൊന്ന് വ്യത്യസ്തമായവ. വ്യത്യസ്ത ഭാഷാരീതിയും ശൈലിയും പ്രസ്ഥാനാഭിമുഖ്യവുമുള്ളവര്‍. ഒരാള്‍ കാല്പനികാണെങ്കില്‍, മറ്റെയാള്‍ യഥാസ്ഥികന്‍. ഒരാള്‍ വിശ്വാസിയാണെങ്കില്‍ മറ്റെയാള്‍ അവിശ്വാസിയും വിപ്ലവകാരിരയും . പ്രകൃതിവാദികള്‍, ജീവിതം അഘോഷിച്ചു തീര്‍ക്കുന്നവര്‍, സദാ വാചാലര്‍, മൗനികള്‍. പൊസ്സോയിലെ എഴുത്തുകാരന്‍ പലരായിപ്പിരിഞ്ഞു, അതിനിടയില്‍ സ്വന്തം പേരിലും എഴുതി.
1935 ല്‍ നാല്പത്തിയേഴാം വയസ്സില്‍ പെസ്സോ മരിക്കുമ്പോള്‍, ലിസ്ബണിലെ അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയ ട്രങ്ക് പെട്ടിയില്‍ ഇരുപത്തിയയ്യായിരത്തോളം അപ്രകാശിത രചനകള്‍ ഉണ്ടായിരുന്നു. അത് മുഴുവനും സാഹിത്യത്തിലെ വന്യമായ ദ്വീപുകള്‍ പോലെ മനോഹരമായവ. ഡയറിക്കുറിപ്പുകള്‍, കവിതകള്‍, അയക്കപ്പെടാത്ത കത്തുകള്‍, കഥാശകലങ്ങള്‍, തത്വചിന്തകള്‍, അനുഭവകുറിപ്പുകള്‍. അതില്‍ നിന്നും തിരഞ്ഞെടുത്ത കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി പിന്നിട് പുറത്തു വന്നത്.
പെസ്സോവിന്റെ ബര്‍നാഡൊ സൊയെറസ് എന്ന അപരന്റെ കുറിപ്പുകളായിട്ടാണ് അശാന്തതയുടെ പുസ്തകം സമാഹരിച്ചിരിക്കുന്നത്. ലിസ്ബണിലെ റൂത്ത് ഡോസ് ഡെറഡോറസില്‍ ഒരു പുസ്തകശാലയിലെ കണക്കെഴുത്തുകാരാനാണ് സൊയെറസ് . അയാള്‍ക്ക് എവിടേയും പോകാനില്ല, ആരേയും കാണാനില്ല. പുസ്തകം വായനയില്‍ താത്പര്യമില്ല, വിരസത അയാളെ പൊതിഞ്ഞിരിക്കുന്നു. അത്താഴം കഴിഞ്ഞാല്‍ നേരെ തന്റെ വാടകമുറിയില്‍ പോകും, ഉറക്കം വരാതെ ഇരിക്കുന്ന രാത്രികളില്‍ കുറിപ്പുകള്‍ എഴുതും. അത് എന്തുമാവാം. ജീവിതത്തെ കുറിച്ച്, മരണത്തെ കുറിച്ച്, തത്വചിന്തകള്‍, രാഷട്രീയ നിരീക്ഷണങ്ങള്‍, വിരസതയെ കുറിച്ച്, മറവിയെ കുറിച്ച് , സത്യത്തെ കുറിച്ച് അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു. ചിലപ്പോള്‍ ഈ കുറിപ്പുകള്‍ പേജ്ജുകള്‍ നീളുമ്പോള്‍ , മറ്റുചിലത് ഒരൊറ്റ വരി മാത്രം. ചില കുറിപ്പുകള്‍ക്കു മാത്രം തിയതി കുറിച്ചിരുന്നു.
നിങ്ങള്‍ ഏകാന്തതയും വിരസതയും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില്‍ ബര്‍നാഡൊ സൊയെറസിനെ നിങ്ങളക്ക് ഒഴിവാക്കാനാവില്ല, കാരണം അയാള്‍ നിങ്ങളിലുണ്ട്. ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ് ‘അശാന്തതയുടെ പുസ്തകം’ ഞാന്‍ വായിച്ചത് അതെന്നെ എത്രമാത്രം അശാന്തപ്പെടുത്തുകയും വിരസപ്പെടുത്തുകയും അമുര്‍ത്തമായ ആശയങ്ങളില്‍ കുടുക്കുകയും ചെയ്തു. വിരസത കൊണ്ടും , അശാന്തത കൊണ്ടും വായനയെ മുന്നോട്ടു നീക്കുവാന്‍ കഴിയാത്ത രീതിയില്‍, കാറ്റിലും കോളിലും പെട്ട് നടുക്കടലില്‍ വട്ടം ചുറ്റുന്ന കപ്പലുപോലെ ഞാന്‍ നട്ടംതിരിഞ്ഞു, വായിക്കാന്‍ കഴിയാതെ ഓരോ പ്രാവിശ്യവും പുസ്തകം അടച്ചുവെക്കുമ്പോഴും ഞാന്‍ കുറ്റബോധം കൊണ്ടു, ഞാന്‍ എന്നെ തന്നെ ഒഴിവാക്കുന്നതായി എനിക്ക് തോന്നി അതിനാല്‍ തന്നെ പിന്നെയും ‘അശാന്തതയുടെ പുസ്തകം’ തുറന്നു. അതൊരു പ്രക്രിയായി രണ്ടു വര്‍ഷത്തോളം നീണ്ടു. എനിക്ക് വളരെ കുറച്ചു മാത്രമെ സൊയെറസിനെയും അയാളുടെ കുറിപ്പുകളും മനസ്സിലായിട്ടുള്ളു (അതിലും എത്രകുറച്ചാണ് എനിക്ക് എന്നെ മനസ്സിലായിട്ടുള്ളു ) എങ്കിലും ഞാനറിയുന്നുണ്ടായിരുന്നു അതെല്ലാം എനിക്ക് ഒരിക്കലും എഴുതുവാന്‍ കഴിയാതെ പോക്കുന്ന കുറിപ്പുകളാണെന്ന് . കേട്ട മധുര ഗാനങ്ങളേക്കാള്‍ എത്രയോ മനോഹരമാണ് , കേള്‍ക്കാനിരിക്കുന്നത് എന്നതു പോലെ നമുക്ക് എഴുതുവാന്‍ കഴിയാതെ പോകുന്ന കുറിപ്പുകളാണ് അശാന്തതയുടെ പുസ്തകമായി മാറുന്നത്.
കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ 'എന്റെ പുസ്തകം' എന്ന പംക്തിയില്‍ കവി ടി പി രാജീവന്‍ എഴുതിയ അശാന്തിയുടെ പുസ്തകം
ജോര്‍ജ്ജ് സ്റ്റെയിനര്‍ ഒബസര്‍വെര്‍ എഴുതിയ നിരൂപണം A man of many parts
വിക്കി പേജ്ജ്
The Book of Disquiet പരിഭാഷപ്പെടുത്തിയ മാര്‍ഗരെറ്റ് ജുള്‍ കൊസ്റ്റ എഴുതിയ ആമുഖം
Subscribe to:
Posts (Atom)