Saturday, September 05, 2009
ആര്‍തര്‍ കെസ്‌ല(Arthur Koestler)റുടെ 'ഡാര്‍ക്ക്നസ് അറ്റ് നൂണ്‍' (Darkness at Noon)
സഖാവ് അച്ചുതാനന്ദന് പാര്‍ട്ടി നടപടി നേരിട്ടാല്‍ ഏറിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകും തനിക്ക് പിന്നിലുണ്ടായിരുന്ന വലിയ ജനവിഭാഗത്തെ നഷ്ടപ്പെട്ടതിലുള്ള ഏകാന്തതയില്‍ വിഷമം കൊണ്ടാനെ അല്ലെങ്കില്‍ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ പോലെ ആത്മഹത്യ ചെയ്താനെ ഏതായാലും പാര്‍ട്ടിയുടെ ആരംഭകാലം മുതലെ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് , പാര്‍ട്ടിയുടെ പിതൃഭൂമിയിലെ സിനവേവ്, കമെനേവ്, ബുക്കാറിന്‍, ട്രോട്‌സ്കി തുടങ്ങിയ ബോള്‍ഷേവിക് വിപ്ലവത്തിന്റെ നേതൃത്തനിരയിലുണ്ടായിരുന്ന അനുഭവം ഏതായലും ഉണ്ടാവുകയില്ലെന്നത് അദ്ദേഹത്തിന്റെ ഭാഗ്യം. 1936 - 38 കാലത്ത് സോവിയറ്റ് യൂണിനില്‍ സ്റ്റാലിന്‍ തന്റെ എതിരാളികളെ വകവരുത്തിയ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്‌കോ വിചാരണ )' കാലമല്ല ഇതെന്നതും ഇന്ത്യയില്‍ പൊതുവേ സര്‍വ്വാധിപത്യത്തിനെതിരെ ഒരു ജനമനസാക്ഷി നിലകൊള്ളുന്നുണ്ടെന്നതും (വീണ്ടു തിരഞ്ഞെടുക്കപ്പെട്ടാലും) ആ ഭാഗ്യത്തിന്റെ വശങ്ങളാണ് . നമ്മുടെ സര്‍വ്വാധിപതികള്‍ക്കെതിരെ (ഇന്ദിരാ ഗാന്ധി, കരുണാകരന്‍, നരേന്ദ്രമോഠി...) നമ്മുടെ സഖാക്കള്‍ പുലര്‍ത്തുന്ന ജാകരൂപത സ്വന്തംകാര്യത്തില്‍ ഇല്ലയെന്നത് നിര്‍ഭാഗ്യകരമാണ്.
ആര്‍തര്‍ കെസ്‌ലറുടെ 'നട്ടുച്ചക്കിരുട്ട് ' കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിനെതിരെയുള്ള ഇരുപതാം നൂറ്റാണ്ടിലെ മികച്ച കൃതികളിലൊന്നാണ്. ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയെട്ടുകളില്‍ സോവിയറ്റ് യൂണിനിലെ 'ഗ്രേറ്റ് പര്‍ജ്ജ് (മോസ്കോ ട്രയല്‍)' കാലത്ത് ജയിലില്‍ അടയ്ക്കുന്ന വിപ്ലവകാരിയും പാര്‍ട്ടിയുടെ മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായ നിക്കോളാസ് റുബഷോവിനെ വിചാരണ നടത്തുന്നതും , റുബാഷോവിന്റെ ഓര്‍മ്മകളിലൂടെ താനും കൂടി പങ്കാളിയായി നേടിയെടുത്ത യൂണിയന്റെ നൃശംസതയുടെ ഇരുണ്ടചിത്രമാണ് കെസ്‌ലര്‍ തന്റെ കൃതിയില്‍ വരച്ചു കാട്ടുന്നത്.
ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ ജൂതമാതാപിതാക്കളുടെ മകനായി 1905 ലാണ് ആര്‍തര്‍ കെസ്‌ലര്‍ ജനിച്ചത്. വിയന്ന സര്‍വ്വകലാശാലയില്‍ ബിരുദപഠനത്തിനായ് ചേര്‍ന്നെങ്കിലും, പഠനം പൂര്‍ത്തിയാക്കതെ സയണിസറ്റ് മൂവ്മെണ്‍റ്റില്‍ ആകൃഷടനായി പലസതീനിലേക്ക് പോവുകയും ഒരു ജര്‍മ്മന്‍ പത്രത്തിന്റെ എഡിറ്ററായി ജോലി നോക്കുകയും ചെയ്തു. പിന്നീട് യൂറോപ്പില്‍ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുക്കുന്നതും പാര്‍ട്ടി മെമ്പറാവുന്നതും. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ഫ്രാങ്കോ ഗവണ്‍മെന്റിനെതിരെ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുകയും മരണശിക്ഷ വിധിക്കപ്പെട്ട് ജയില്‍ കഴിയുകയും ചെയ്തു (ഈ അനുഭവമായിരിക്കണം റുബാഷോവിന്റെ ഏകാന്തതടവിനെ ഉജ്ജ്വലമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്, 'സ്പാനിഷ് ടെസ്റ്റ്മെന്റ്' ലും ഈ കാലയളവിനെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്) . ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ ഇടപെടലുകള്‍ കാരണം അദ്ദേഹം ജയില്‍ മോചിതനായ് . മോസ്‌കോ വിചാരണ കാലത്തോടെ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും വിട്ടുപോരുകയും പാര്‍ട്ടി സര്‍വ്വാധിപത്യത്തിനെതിരെയുള്ള കടുത്ത വിമര്‍ശകനായി മാറുകയുംചെയ്തു. 77 മത്തെ വയസ്സില്‍ പാര്‍ക്കിസണ്‍ രോഗത്താലും ലുക്കീമിയയാലും ശാരീരികമായി വളരെ ബുദ്ധിമുട്ടിലായ അദ്ദേഹം ഭാര്യയോടൊത്ത് ആത്മഹത്യ ചെയ്തു.
ഒരു ദിവസം രാത്രിയോടെ അറസ്റ്റു ചെയ്യപ്പെടുന്ന റുബാഷോവിനെ ഏകാന്ത വിചാരണതടവുകാരനായി ജയിലിലടയ്ക്കുന്നു. അയാള്‍ക്ക് തന്റെ സഹതടവുകരുമായി ബന്ധപ്പെടുന്നതിന് ഒരു മാര്‍ഗവുമില്ല. എങ്കിലും തന്റെ പഴയ ബോള്‍ഷേവിക് വിപ്ലവഒളിവ് കാലത്തിലെ അനുഭവത്തിന്റെ സഹായത്തോടെ സഹതടവുകാരന്റെ ഭിത്തിയില്‍ മുട്ടലി (മുട്ടലിലെ ആവര്‍ത്തനത്തെ വ്യത്യസ്തതമായ ഒരോ അക്ഷരമാക്കി മനസ്സിലാക്കിയാണ് അവര്‍ കൊച്ചു കൊച്ചു സന്ദേശങ്ങള്‍ കൈമാറുന്നത് ) ലൂടെ അവര്‍ പരസ്പരം സംസാരിക്കുന്നത്.
ബോള്‍ഷേവിക് വിപ്ലവത്തിലെ നേതൃത്തിലുണ്ടായിരുന്ന റുബാഷോവ്, പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം, മറ്റുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തു വിളയിപ്പിക്കാനായി വിദേശരാജ്യങ്ങളില്‍ സോവിയറ്റിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുകയായിരുന്നു. അങ്ങനെ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അയാള്‍ക്ക് പാര്‍ട്ടിയുടെ നയപരിപടിയായ് സഹകരിച്ച് പോകാത്ത ആദര്‍ശധീരരായ പല സഖാക്കളേയും ബലികൊടുക്കേണ്ടി വന്നിട്ടുണ്ട്. ജര്‍മ്മനിയില്‍ വെച്ച് യുവാവായ റിച്ചാര്‍ഡിനേയും ഡറ്റില്‍ വെച് കൊച്ചു ലോവ്യയേയും പിന്നീട് തന്റെ തന്നെ സെക്രട്ടറിയായിരുന്ന അര്‍ലോവയേയും മറ്റും. ഇവരെയെല്ലാം താന്‍ വഞ്ചിക്കുകയായിരുന്നു വെന്നത് റുബാഷോവിനെ വല്ലാതെ പീഢിപ്പിച്ചുകൊണ്ടിരുന്നു. അര്‍ലോവയുമായി താന്‍ പുലര്‍ത്തിയിരുന്ന പ്രേമബന്ധത്തില്‍ പോലും അവളെ നിര്‍ണായക നിമിഷത്തില്‍ സഹായിക്കാതെ നിന്ന തനിക്ക് അവുരുടെതിനു സമാനമായ അവസ്ഥയാണ് വന്നിരിക്കുന്നതെന്ന ബോധം റുബാഷോവിനെ വല്ലാതെ അലട്ടികൊണ്ടിരുന്നു. അന്നെല്ലാം താന്‍ കൈകൊണ്ട പര്‍ട്ടിയുടെ ദയാരഹിതമായ യുക്തിയുടെ നിലപാട് തന്നെയല്ലേ ഇന്ന് തനിക്കെതിരേയും തിരിഞ്ഞിരിക്കുന്നതെന്ന ബോധവുമയാള്‍ക്കുണ്ട്.
നോവലിലെ സര്‍വ്വാധിപതിയെ നമ്പര്‍ വണ്‍ എന്നാണ് എല്ലാവിടെയും സംബോധനചെയ്യുന്നത് . ഒരിടത്തും നോരിട്ട പ്രത്യക്ഷപ്പെടാത്ത നമ്പര്‍ വണ്‍ സ്റ്റാലിന്റെ മാതൃകയിലാണ് നോവലിസ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. റുബാഷോവിനെ വിചാരണ ചെയ്യുവാന്‍ എത്തുന്നത് അയാളുടെ പഴയ സുഹൃത്തായ ഇവാനോവാണ്. പര്‍ട്ടിയിലെ പഴയ തലമുറയില്‍ പെട്ട ഇവാനോവിന് റുബാഷോവിനെ രക്ഷിക്കണമെന്നുള്ളതിനാല്‍, അയാള്‍ റുബാഷോവിനെ പാര്‍ട്ടിയുടെ ലൈനില്‍ തന്നെ കൊണ്ടു വരുന്നതിനായി ഉപദേശിക്കുകയും അല്പ്പം കൂടി സമയം നല്‍ക്കുകയും ചയ്യുന്നു. എന്നാല്‍ എത്രയും വേഗം നമ്പര്‍ വണിന്റെ ആഗ്രഹം നടത്തുന്നതിനായി പാര്‍ട്ടിയിലെ പുത്തന്‍കുറ്റ്നായ ഗ്ലെറ്റ്കിനെ വിചാരണ നടത്തുന്നതിനായുള്ള അധിക്കരം നല്‍ക്കുകയും, റുബാഷോവിനോട് കൂടുതല്‍ സൗമ്യത കാട്ടിയതിന് ഇവാനോവിന് നടപടി (മരണം) നേരിടുകയും ചെയ്യുന്നു. പ്രതിവിപ്ലവത്തിനും നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായും ഗൂഢാലോചന നടത്തിയെന്നതാണ് റുബാഷോവ് നേരിടേണ്ടി വരുന്ന ആരോപണം. നമ്പര്‍ വണ്ണിനെ വധിക്കുന്നതിനായി റുബാഷോവിന് മുന്‍പില്‍ അദ്ദേഹത്തിന്റെ സുഹൃത്തായ സഖാവിന്റെ മകനെയാണ് സാക്ഷിയായി അവതരിപ്പിക്കുന്നത്. ഒരിക്കല്‍ വിദേശത്ത് വച്ച് അയാളെ ഒരു സല്‍ക്കാരത്തിനിടയില്‍ കണ്ടതായി റുബാഷോവ് ഓര്‍ത്തെടുക്കുന്നുണ്ട് അന്ന് താന്‍ പാര്‍ട്ടിയുടെ പോക്കില്‍ ആകുലനായി സുഹൃത്തിനോട് എന്തോ ഒന്ന് പുലമ്പിയിരുന്നോ ?
നോവലിന്റെ അവസാനത്തില്‍ റുബാഷോവ് , തലയിലേക്ക് നിറയൊഴിച്ചു കൊണ്ടുള്ള തന്റെ മരണത്തെ ഏറ്റവും സൗമ്യതയോടെ നേരിടുന്ന ഹൃദയസ്‌പൃക്കായ രംഗം അവതരിപ്പിക്കുന്നു.
പാര്‍ട്ടിയുടെ ലൈനില്‍ നിന്നും വ്യതിചലിക്കുന്നവരെ പ്രതിവിപ്ലവകാരിയായും, വര്‍ഗ്ഗവഞ്ചകരായും പിന്നീട് പിത്രുഭൂമിയിലെ രാജ്യദ്രോഹിയായും ചിത്രീകരിച്ച് ഈ നടപടിയെ പാര്‍ട്ടിയുടെ പ്രചരണതന്ത്രത്തിനു ഉപകരണമാക്കി മാറ്റുന്നതെങ്ങനെയെന്ന് നോവലിസ്റ്റ് വരച്ചു കാണിച്ചു തരുന്നു.
എം സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ തന്റെ അത്മഹത്യകുറിപ്പില്‍ "ഒരു റൊമാന്‍റിക്ക് റവല്യൂഷണറിയായിത്തീരാതിരിക്കന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ" എന്ന് കുറിക്കുന്നുണ്ട്. റുബാഷോവ്മാരുടെ മായ്ക്കപ്പെട്ടു കളയുന്ന ചരിത്രത്തെ കെസ്‌ലര്‍ ഭാഷയിലൂടെ പുനര്‍നിര്‍മ്മിക്കുകയാണ്. മനുഷ്യ നന്മക്കായി നിര്‍മ്മിക്കപ്പെടുന്ന പ്രത്യയശാസ്ത്രങ്ങള്‍ അതിന്റെ തന്നെ സന്തതികളോട് എത്രമാത്രം നിഷ്ഠൂരമായി മാറുന്നുവെന്ന് ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കടപ്പാട്: (കൂടുതല്‍ വായനയ്ക്കു)
ആര്‍തര്‍ കെസ്‌ലര്‍
ഡാര്‍ക്ക്നസ് അറ്റ് നൂണ്‍
Subscribe to:
Posts (Atom)