എന്നെ തളർത്തി, എങ്കിലും വാൾഡനൊരു നല്ല പരിഭാഷ മലയാളത്തിൽ വന്നിട്ടുണ്ടെന്ന അറിവ് ,എന്നെ പബ്ലിക് ലൈബ്രറിയിലെ ഷെൽഫുകൾ അരിച്ചു പറക്കാൻ പ്രേരിപ്പിച്ചു നിരാശ . പഴയ ആ കോപ്പി അവിടെന്ന് അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. മലയാളത്തിൽ ശ്രദ്ധേയമായ കഥകളെഴുതിയിട്ടുള്ള എം കമറുദ്ദീൻ എന്ന യുവ കഥാകൃത്ത് വാൾഡനെ മലയാളത്തിലാക്കുന്നുണ്ടെന്ന അറിവ് കുറച്ചു (നീണ്ട)നാളത്തെ കാത്തിരിപ്പിലാക്കി.പിന്നെ വാൾഡനെ എനിക്കു കിട്ടി. മികച്ച - ഒന്നാന്തരം പരിഭാഷ.
വാൾഡൻ കണ്ടെത്താൻ എന്തുകൊണ്ട് ഇത്ര മാത്രം വൈകന്നു എന്ന കാര്യംഈ പുസ്തകം വായിച്ചു തീർത്ത ഒരാളെ അദ്ഭുതപ്പെടുത്തും പരിഷ്കാരമെന്ന പേരിൽ മനുഷ്യൻ കരുതി വെച്ചിട്ടുള്ള ഒട്ടെല്ലാ വസ്തുക്കളുംവസ്തുതകളും ഒരു വൻ ചുഴലിയായി മനുഷ്യനെതിരെ തന്നെ ആർത്തടുക്കുന്നുണ്ടെന്നുണ്ടെന്ന്പുസ്തകം പറഞ്ഞു തരുന്നുണ്ട്. വാൾഡൻ പരിഭാഷ എം കമറുദ്ദീൻ തുടങ്ങുന്നതിങ്ങനെയാണ്. വാൾഡനെ അത്മാർത്ഥമായി വായിക്കുന്നയാളെ വാൾഡൻ ബാധിക്കും, അയാൾക്ക് ജീവിതത്തോട് കുറച്ചു കൂടി സത്യസന്ധനാവാൻ കഴിയും.
അമേരിക്കൻ ഐക്യനാടിലെ കോൺകോഡിൽ നിന്നും അല്പം അകലെയുള്ള കാടിനുള്ളിലെ വാൾഡൻ തടാകക്കരയിൽ 'തോറോ' ഒരു ചെറിയ കുടിൽ കെട്ടി ഇരുപത്തിയാറു മാസത്തോളം ഏകാകിയായി താമസിച്ചു. ഈ കാനന ജീവിതാനുഭവമാണ് പിന്നിട് വാൾഡൻ എന്ന പേരിൽ ലോകത്തെ വല്ലാതെ സ്വാധീനിച്ച പുസ്തകമായി മാറിയത്. ഹെന്റി ഡേവിഡ് തോറോ 1817 ജൂലൈ 12 ന് കോൺകോഡിലെ വിർജിനിയിലാണ് ജനിക്കുന്നത്. മിടുക്കനായിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു തോറോ.
ചെറുപ്പത്തിലെ അദ്ദേഹം കാടകങ്ങളിലേക്കും നദീതടങ്ങളിലേക്കും മലമേടുകളിലേക്കും യാത്ര പോകാൻ സദാ ഇഷ്ടപ്പെട്ടിരുന്നു.1833ൽ തോറോ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. കോളേജ്ജിലെ ചിട്ടപ്പടിയുള്ള പഠനം അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എങ്കിലും അവിടത്തെ ലൈബ്രറി അദ്ദേഹത്തിനൊരു അനുഗ്രഹമായിരുന്നു. വായിച്ച പുസ്തകളിൽ നിന്നും അദ്ദേഹം കുറിപ്പുകളെടുക്കാൻ തുടങ്ങിയത് ഇക്കാലത്താണ്. അത് പിന്നീട് ഗ്രന്ഥകർത്താവെന്ന നിലയിൽ അദ്ദേഹത്തിന് സഹായകരമായിരുന്നു.
ഹാർവാർഡിൽ നിന്നും ബിരുദമെടുത്തതിനു ശേഷം കോൺകോഡ് സ്കൂളിൽ തോറോ അദ്ധ്യാപകനായി ചേർന്നു എന്നാൽ മാനേജ്മെന്റ് അദ്ധ്യാപകരെ നിയന്ത്രിക്കുന്നതിൽ പ്രതിഷേധിച്ച് ഏതാനും ആഴ്ച്ചകൾക്ക് ശേഷം അവിടേന്ന് രാജിവെച്ചു. തുടർന്ന് അദ്ദേഹം സഹോദരനായ ജോണുമായി ചേർന്ന് ഒരു സ്വകാര്യസ്ക്കൂൾ സ്ഥാപിച്ചു. തോറോവിന്റെ സ്ക്കൂൾ പലതുകൊണ്ടും വ്യത്യസ്തമായിരുന്നു.വളരെ നവീനമായ ഒരു ബോധന സമ്പ്രദായമാണ് അവർ അവിടെ അനുവർത്തിച്ചിരുന്നത്. ചില ക്ലാസുകൾ ക്ലാസുമുറിക്കു വെളിയിൽ യഥാർഥചുറ്റുപാടുകളിലാണ് നടത്തിയിരുന്നത്. വിത്യസ്തതയാർന്ന ഈ സ്ക്കൂൾ പെട്ടെന്ന് ജനശ്രദ്ധേയമായി, എന്നാൽ സഹോദരൻ ജോണിന്റെ ആരോഗ്യം തകർന്നതോടെ സ്ക്കൂളിന്റെ പ്രവർത്തനം നിലച്ചു.
പ്രസിദ്ധ തത്ത്വചിന്തകനായ എമേഴ്സനുമായുള്ള സൗഹൃദം തോറോയുടെ ജീവിതത്തെ വഴിതിരിച്ചുവിട്ടു എന്നു പറയാം. എമേഴ്സൺ തോറോയുടെ ഗുരുവാകുകയായിരുന്നു. എമേഴ്സണിന്റെ പത്രാധിപത്യത്തിലുള്ള 'ദ ഡയൽ' എന്ന ആനുകാലികത്തിൽ തോറോ നിരന്തരം എഴുതികൊണ്ടിരുന്നു.എമേഴ്സന്റെ ലൈബ്രററിയിലെ ഗ്രന്ഥങ്ങൾ തോറോ ആവേശത്തോടെ വായിച്ചു , അതിലുണ്ടായിരുന്ന ഇന്ത്യൻ ക്ലാസ്സിക്കുകളായ വിഷ്ണുപുരാണം, മനുസ്മൃതി, ഹിതോപദേശം, ഭഗവദ്ഗീത എന്നീ കൃതികളെല്ലാം അദ്ദേഹം അമർന്നിരുന്ന് വായിച്ചു. ഈ ഗ്രന്ഥങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.
തോറോയുടെ വാൾഡൻ പരീക്ഷണങ്ങളിൽ ഈ ഗ്രന്ഥങ്ങളുടെ സ്വാധീനം അളവറ്റതാണ്. സഹോദരൻ ജോണിന്റെ മരണം തോറോവിനെ വല്ലാതെ ഉലച്ചു എങ്ങോട്ടെങ്കിലും യാത്രയ്ക്കു പോകണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായി. ഈ സമയത്താണ് എമേഴ്സൺ കോൺകോഡിൽ നിന്നും അല്പം അകലെയുള്ള വാൾഡൻ തടാകത്തിന്റെ വടക്കേ കരയിൽ കുറച്ചു വനപ്രദേശം വിലയ്ക്കു വാങ്ങിയത്. ഈ സമയം തോറോ താൻ തടാകക്കരയിൽ ഒരു കുടിൽ കെട്ടി അതിൽ ഏകനായി കഴിയാനുള്ള ആഗ്രഹം എമേഴ്സണിനോട് പങ്കുവെക്കുന്നതും എമേഴ്സൺ അതിനു അനുവാദം കൊടുക്കുകയും ചെയ്തു. ഇരുപത്തിയാറുമാസത്തോളം ആ തടാകക്കരയിലെ കുടിലിൽ ഏകനായി താമസിച്ച അനുഭവമാണ് വാൾഡൻ.
വാൾഡൻ പരീക്ഷണകാലത്ത് തോറോ ഒരു ദിവസം ജയിലിൽ കിടന്നു. നികുതി കൊടുക്കാത്തതിന്, അടിമത്തം അനുവദിച്ചിരിക്കുന്ന ഒരു സർക്കറിന് എന്തിന് നികുതികൊടുക്കണം എന്ന ചിന്തയുള്ളതുകൊണ്ട് കുറേ വർഷങ്ങളായി തോറോ നികുതി കൊടുത്തിരുന്നില്ല. ജയിൽ വാസം
തോറോവിനെ വല്ലാതെ പ്രചോദിപ്പിച്ചു. നിയമലംഘനത്തെകുറിച്ച് എഴുതുവാൻ ഇതു പ്രേരണയായി. നമ്മുടെ രാഷ്ട്രപിതാവിന് ആ പുസ്തകം എത്രത്തോളം സഹയകരമായി എന്നതിനു ചരിത്രമാണ് നമ്മുടെ സ്വാതന്ത്രസമരം.
വാൾഡൻ ഒരു തുണിയുരിയലാണ്. ഒരാൾക്ക് തന്റെ തുണി ഉരിഞ്ഞ് നഗ്നനാവൻ എത്ര കൊതിയുണ്ടെങ്കിലും ഇന്നത്തെ സാമൂഹികസാഹചര്യം അതനുവദിക്കില്ല. വാൾഡൻ നിങ്ങളെ പരിഷ്കൃതസമൂഹത്തിന്റെ ഇത്തരം തുണിയുടിപ്പിക്കലിന്റെ അസംബന്ധത്തെ കുറിച്ച് ബോധ്യപ്പെടുത്തും. അവനവനോടു സംസാരിക്കാൻ കിട്ടുന്ന അവസരം വളരെ വിലപിടിച്ചതാണെന്ന ഒരറിവിലേക്ക് വാൾഡൻ നമ്മെ കൂട്ടികൊണ്ടുപോകുന്നു.മനുഷ്യനെ പ്രകൃതിയുടെ എതിർപക്ഷത്ത് നിർത്തി ജന്തുസസ്യകുലത്തെ അമിതമായി ആദരിക്കുന്ന ഒരു രീതി പ്രകൃതിപക്ഷപാതികൾക്കിടയിൽ വളർന്നുവന്നിട്ടുണ്ട്. തോറോ ആ പക്ഷകാർക്കിടയിലല്ല. വാൾഡനെ ഏറ്റവും നന്നയിട്ട് അറിഞ്ഞിട്ടുള്ളത് മീൻപിടുത്തക്കാരനും വേട്ടക്കരനുമറ്റുമാണെന്ന നിരീക്ഷണം തോറോ തറപ്പിച്ചു തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയെ വെറുതെ നിരീക്ഷിക്കുമ്പോളല്ല, അതിൽ കൃഷിചെയ്യുമ്പോഴും മീൻപിടിക്കുമ്പോഴും തോണി തുഴയുമ്പോഴും മലയണ്ണാനെ പ്ന്തുടരുമ്പോഴുമാണ് പ്രകൃതിയെ അറിയുന്നത്. വസ്തുനിഷ്ഠതയെയാണ് തോറോ മാതൃകയാക്കുന്നത് അല്ലാതെ വെറും കല്പനികതയല്ല. ആ വസ്തുനിഷ്ഠതയെ തോറോ ഒരു മാന്ത്രികവിദ്യയിലെന്ന പോലെ അത്മീയതയാക്കുന്നു.
കീടാവസ്ഥയിലാണ് ജീവികൾ തന്റെ ചുറ്റുപാടുകളെ മുഴുവൻ ആഹരിക്കുന്നത്. പരിപൂർണ്ണതയെന്നാൽ ആർത്തിയിൽ നിന്നുള്ള മോചനം തന്നെയാണ്.കൃമിയുടെ അവസ്ഥയിലുള്ള മനുഷ്യനാണ് മൂക്കറ്റം തിന്നുന്നത്. ഈ ആർത്തിക്കെതിരാണ് തോറോ നിലകൊള്ളുന്നത്. തനിക്കുപേക്ഷിക്കാൻ കഴിയുന്ന വസ്തുക്കളുടെ എണ്ണത്തിന്റെ അനുപാതമനുസരിച്ചാണ് ഒരാൾ സമ്പന്നനാവുന്നത് എന്ന് തോറോ നിരീക്ഷിക്കുന്നുണ്ട്. 'ഒരു കൃഷിക്കാരൻപോലും അയാൾ വിളയിപ്പിച്ച കനികളെ ഡോളറുകളായാണ് കാണുന്നത്' , എന്നാൽ ഒരു പഴത്തിന്റെ മൂല്യം അതാസ്വദിക്കുന്നവനിലാണ്.
വാൾഡൻ വായിക്കുമ്പോൾ അതൊരു വന്യാനുഭവമാണ്, മനുഷ്യസ്പർശം ഏൽക്കാത്ത അവനവൻ എന്ന കാനനത്തിലേക്കുള്ള യാത്രയും.
NB: എം കമറുദ്ദീന്റെ വാൾഡൻ പരിഭാഷയുടെ ആമുഖലേഖനത്തോട് പൂർണ്ണമായ കടപ്പാട്.