Friday, November 16, 2007

കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)അത്ഭുതകരമായ അവതരണ രീതിയാണ് ആര്‍ത്തിമിയോ ക്രൂസിന്റെ മരണം എന്ന കൃതിയില്‍ ഫൂയെന്‍‌തസ് അവതരിപ്പിക്കന്നത്‌. നിരന്തരം ആഖ്യാനതന്ത്രം അതിവേഗം മാറുന്നു. ഫൂയെന്‍‌തസിനെ സ്വാധീനിച്ച പ്രമുഖ എഴുത്തുകാരന്‍ ജെയിംസ് ജോയിസ്സും, വില്ല്യം ഫോക്നറുമാണ്, ജോയിസ്സിന്റെ ബോധധാര രീതിയും, മനസ്സും ബാഹ്യലോകവും പ്രത്യേകം പ്രത്യേകം നിലനില്‍ക്കുന്നില്ല എന്ന ഫോക്നറുടെ സങ്കല്‍പ്പവും ഫൂയെന്‍‌തസ് മനോഹരമായി തന്റെ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്‌.

ആര്‍ത്തിമിയോ ക്രൂസിന്റെ അന്ത്യനാളുകളാണ് ഈ നോവല്‍ ആഖ്യാനം ചെയ്യന്നത് ക്രൂസ് എന്ന് നടുക്കുറ്റിയില്‍നിന്ന് അനേകം ആരക്കാലുകള്‍ മനുഷ്യരുടെ രൂപങ്ങളായി, രാഷ്ട്രത്തിന്റെ ചക്രചലനമായി
രൂപാന്തരപ്പെടുകയാണ്.ശ്ലഥമായ ആഖ്യാനഘടനകള്‍,ഭ്രമാത്മകമായ സംഭവങ്ങള്‍,അതിവേഗം മാറികൊണ്ടിരിക്കുന്ന വീക്ഷണകോണുകള്‍,ആന്തരിക സ്വഗതാഖ്യാനങ്ങള്‍, ബോധപ്രവാഹസങ്കേതികത്തിന്റെ നവീകരിച്ച രീതികള്‍ തുടങ്ങിയ ആഖ്യാനരീതിയാണ് ഫൂയെന്‍‌തസ് ഈ നോവലില്‍ സ്വീകരിച്ചിരിക്കുന്നത്‌. മരണകിടക്കയില്‍ കിടക്കുന്ന ക്രൂസിന്റെ തോന്നലുകളില്‍ ഭൂത-വര്‍ത്തമാന‍,-ഭാവി കാലങ്ങള്‍ വേര്‍ത്തിരിച്ച് അറിയാന്‍ കഴിയാത്ത രിതിയില്‍ കൂടി കലര്‍ന്നു കിടക്കൂന്നു.

ഞാന്‍,നീ, അയാള്‍ എന്നിങ്ങനെ മൂന്നു രീതികല്‍ ഉപയോഗിച്ചാണ് ക്രൂസിന്റെ കഥ തെളിഞ്ഞു വരുന്നത്‌. മരണം കാത്തു കിറ്റക്കുന്നവന്റെ മുറിയുന്ന ചിന്തകളും, ഓര്‍മ്മകളും ഞാനിലൂടെയും (രോഗിയായ അയാളുടെ ജീര്‍ണ്ണിച്ച ശരീരത്തിലെ തളര്‍ന്ന ഇന്ദ്രീയങ്ങള്‍ കിതയ്ക്കുന്നതും, തളരുന്നതും ഭാഷഘടനയില്‍ നിന്നു തന്നെ നമുക്ക് അറിയാം) , മറ്റൂള്ളവര്‍ പറയുന്ന ക്രൂസിനെ നീ യിലൂടെയും, അതിവാസ്തവികയിലൂടെ (കവിതയ്ക്ക് സമാനമായി) ക്രൂസിനെ കാണിക്കുന്നത് നിങ്ങളായുമാണ്. ഇതു തന്നെ സിഗ്‌മണ്ട് ഫ്രോയിഡിന്റെ മനോവിശകലനത്തില്‍ അവതരിപ്പിക്കുന്ന മനസ്സിന്റെ മൂന്നു ഘടനയായ ഇഡ് (ആദിമനസ്സ്) ,ഈഗോ (അഹമനസ്സ്) ,സൂപ്പര്‍ ഈഗോ (മനഃസക്ഷി) യും മനസ്സിന്റെ മൂന്നു തലങ്ങളായ ബോധം, ഉപബോധം, അബോധം എന്നിവയുമാണ്.

ആര്‍ത്തിമിയോ ക്രൂസ് എന്ന വിപ്ലവകാരി പില്‍കാലത്ത് അഴിമതികാരനാവുന്നു. മര്യാദകെട്ട ചൂഷകനായിമാറുന്നു. അധികാരകേന്ദ്രമായിമാറുന്നു. ചുരുക്കത്തില്‍ റിബല്‍ സീസറായി മാറുന്നു. വിപ്ലവത്തെ വഞ്ചിക്കുന്നത് അതിന്റെ ജനയിതാക്കള്‍ തന്നെയായി മാറുന്നു. ആര്‍ത്തിമിയോ ക്രൂസ് വിപ്ലവകാരിയായിരുന്നു, പിന്നീട് അതില്‍ നിന്നു മാറുന്നു.രാഷ്‌ട്രീയമെയ്‌വഴക്കത്തോടെ ജീവിതവിജയം നേടുന്നു. പണം സബാദിക്കുന്നു. അക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു.ഗൂഡാലോചനയില്‍ പങ്കുചേരുന്നു.തൊഴിലാളികളെ നിര്‍ദയം ചൂഷണം ചെയ്യുന്നു. കൊലപാതകം നടത്തുന്നു. ആര്‍ത്തിമിയോ ക്രൂസ് മരണകിടകയില്‍ വീഴുന്നതോടെ നോവല്‍ ആരംഭിക്കുകയാണ്. ബിസിനസ്സിന്റെ കാര്യത്തിനായി അയാള്‍ ഒരു നീണ്ടയാത്ര ചെയ്തു. യാത്രയ്ക്ക ശേഷം അയാള്‍ മരണകിടക്കയില്‍ വീഴുകയായിരുന്നു. മരണം വന്നു കഴിഞ്ഞു, എന്നാല്‍ മരണത്തെ യാഥാര്‍ത്യമായി കാണാന്‍ അയാള്‍ കൂട്ടാക്കിയില്ല, അന്ത്യയകുദാശക്കായി വന്ന പുരോഹിതനെ അയാള്‍ വിരട്ടി ഓടിച്ചു. ഡോക്ടര്‍മാര്‍ വന്നു, പലവിധ ചികത്സയും നടത്തി, എന്നല്‍ അതെല്ലാം പാഴാവുകയായിരുന്നു ഭാര്യയ കറ്റലീനയും മകള്‍ തെരേസയും അടുത്തു തന്നെ നിന്നു, അവരുടെ കപട ദുഃഖം അയാള്‍ മനസ്സിലാക്കിയിരുന്നു. അവര്‍ക്കു അയാളോടു സ്നേഹമൊന്നു മുണ്ടായിരുന്നില്ല, മരണപത്രത്തില്‍ എഴുതി വച്ചിരിക്കുന്നത് എന്താണ് എന്നറിയുന്നതിനാണ് അവര്‍ അയാളുടെ മരണകിടക്കയില്‍ കാത്തു നിന്നത്. എന്നാല്‍ സ്വത്തു വിവരം പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. ഈ സന്ദര്‍ഭത്തിലും വ്യവസായത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ടേപ്പ് പാദില്ല അയാളെ കേള്‍പ്പിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ അയാള്‍ നഷ്ടപ്പെട്ട കാലങ്ങള്‍ ഓര്‍ക്കുകയാണ്. കാലക്രമമില്ലതെ അങ്ങേയറ്റം സ്വാഭാവികമായി അതെല്ലം മനസ്സില്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുകയാണ്.

മെക്സിക്കോ നഗരത്തിലെ ഒരു ക്ഷുഭിതയുവാവ് മര്‍ദകവീരനായ് ഒരു വ്യവസായ് പ്രമുഖനായിത്തീരുന്നതിനു പിന്നിലെ ചരിത്രവിശദീകരണമാണ് ഈ ഓര്‍മ്മ. ചെറുപ്പത്തില്‍ അയാളുടെ തലക്കുള്ളില്‍ വിപ്ലവത്തിന്റെ ചൂടായിരുന്നു. പണമില്ലത്തതിനാല്‍ ചൂട് വളരെ കൂടിയിരുന്നു. അതിനിടയില്‍ അയാള്‍ ബെര്‍ണാല്‍ കുടുംബവുമായി ബെന്ധപ്പെട്ടു, പിന്നീടു കുടുംബനാഥന്റെ മകളെ കറ്റലീനയെ വിവാഹം കഴിച്ചു. അയാള്‍ ബെര്‍ണാല്‍ എസ്റ്റേറ്റിന്റെ ഉടമയായി. എന്നാല്‍ ഭാര്യ അയാളെ വെറുത്തു. കാരണം അയാള്‍ക്ക് പണം മാത്രം മതിയായിരുന്നു.കുടുംബം അയാളില്‍ നിന്നു അകന്നു, അയാളുടെ പുത്രന്‍ ലോറന്‍സോ സ്പാനിഷ് ആഭ്യന്തരയുദ്ധ്ത്തില്‍ പെട്ടു മരിച്ചു.അയാള്‍ക്ക് റജീന എന്ന കാമുകി ഉണ്ടായിരുന്നു. ലിലിയോ, ലോറ എന്നീ വെപ്പാട്ടികളുണ്ടായിരുന്നു. അവര്‍ രണ്ടുപേരും അയാളെ തഴഞ്ഞു, ലോറ മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാല്‍ ഇതൊന്നും അയാളെ തളര്‍ത്തിയില്ല. അയാള്‍ ധനം വാരിക്കൂട്ടുന്ന തിന്റെ ഭ്രാന്തിലായിരുന്നു. അയാള്‍ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിച്ചു, കൊലപാതകം വരെ നടത്തി.ഭീകരമായ എകാന്തതയിലും നിസ്സഹായതയിലും ഒരു പരിഗണനയും ഇല്ലാതെ വീഴാന്‍ വേണ്ടി അയാള്‍ കിതച്ചു കൊണ്ടു പണം സബാദിക്കുകയായിരുന്നു.

ക്രൂസ്സിന്റെ ചരിത്രം അയാളുടെ നാടിന്റെ ചരിത്രമാണ്, അത് മെക്സിക്കന്‍ ചരിത്രമാണ്. 1910 കളില്‍ മെക്സിക്ക ഭരിച്ചിരുന്നത് എകാധിപതിയായ പോര്‍ഫിനോ ഡയസിനെ (ഡോണ്‍ പൊര്‍ഫിറിയോ?)തിരെ മത്സരിക്കാന്‍ ഫ്രാന്‍സിസക്കോ 1 മാഡ്രോ തെയ്യാറെടുത്തു, മാഡ്രോക്കുള്ള ജനപിന്തുണ മനസ്സിലാക്കിയ ഡയസ്, അയാളെ തടവിലാക്കുകയും, ഇലകഷന്‍ നടത്തി വീണ്ടും പ്രസിഡന്റ് ആവുകയും ചെയ്തു. സാന്‍ ലൂയിസ് പൊട്ടോസിയില്‍ നിന്നും അമേരിക്കയിലേക്കു കടന്ന മാഡ്രോ, ഇലകഷന്‍ ഡയസിന്റെ തട്ടിപ്പാണ് എന്ന പ്രചരണം നടത്തി. പ്ലാന്‍ ഓഫ് സാന്‍ ലൂയിസ് എന്ന പേരില്‍ അദ്ദേഹം 1910 നവബര്‍ 20 ന് വിപ്ലവം നടത്തുന്നതിനായി ഒരു ലഘുരേഖ പുറത്തിറക്കി. ഇതില്‍ ഒരുപാട് വിപ്ലവനേതാക്കള്‍ വരുകയും പോവുകയും ചെയ്ഹു, അവര്‍ തമ്മിലുള്ള പരസ്പര പോരാട്ടത്തിന്റെ കഥകൂടിയാണ് 1910 - 1920 വരെ നീണ്ടു നിന്ന മെക്സിക്കന്‍ വിപ്ലവം. ഇതിലെ പ്രധാന നേതാക്കളായിരുന്നു എമിലിനോ സാപട്ട, ഫ്രാന്‍സിസക്കോ സഞ്ചാ വില്ല, പാസ്‌ക്കല്‍ ഒറസ്‌ക്കോ, അല്‍വാരോ ഒബ്രിഗോണ്‍, വിക്ക്‍ട്ടോറിയാന ഹുയേര്‍ട്ട,വെനുസാനിട്ടോ കരാന്‍സാ തുടങ്ങിയവര്‍.1915 -ല്‍ വടക്കുള്ള ചിഹ്വാഹ്വായിലെ മലനിരകളില്‍ വെച്ച് ഫ്രാന്‍സിസക്കോ സഞ്ചാ വില്ലയുടെയും അല്‍വാരോ ഒബ്രിഗോണിന്റെയും സൈന്യം പരസ്പരം ഏറ്റുമുട്ടുകയും വില്ല പരാജയപ്പെടുകയും ചെയ്തു, ഒബ്രിഗോണിന് സഹായം നല്‍കിയ കരാന്‍സാ പ്രസിഡന്റ് ആവുകയും ചെയ്തു. ആര്‍ത്തിമിയോ ക്രൂസ് കരാന്‍സ,ഒബ്രിഗോണ്‍,സാഞ്ചോ വില്ല, സപാത വേണ്ടീയും യുദ്ധം ചെയ്തിരുന്നു‌. ബെര്‍ണലുമായുള്ള സംഭാഷണത്തില്‍ ‘ജനറല്‍ ഒബ്രിഗോണ്‍ ആണ് എന്റെ നേതവ്’‘ എന്ന് ക്രൂസ് പറയുന്നുണ്ട്. 1915 ഒക്ടോബര്‍ 22 എന്ന അധ്യായത്തില്‍ ക്രൂസ്സിനെ സാഞ്ചോ വില്ലയുടെ കേണല്‍ സഹല്‍ തടവിലാക്കുന്നതിന്റെ ചിത്രം മനോഹരമായി വിവരിക്കുന്നുണ്ട്‌.

ഈ തടവറയില്‍ വെച്ചാണ് ക്രൂസ് ഗൊണ്‍സാലോ ബെര്‍ണലിനെ പരിചയപ്പെടുന്നത്, ബെര്‍ണല്‍ വക്കിലും,ആദര്‍ശദീരനായ വിപ്ലവകാരിയാണ്. ചെറുപ്പമുതല്‍ അയാള്‍ ബകുനിന്‍, പ്ലെഖനോവ് തുടങ്ങിയ വരുടെ കൃതികള്‍ വായിച്ച് വിപ്ലവഭിനിവേശം കൊണ്ടു, എന്നാ‍ല്‍ അയാള്‍ ക്രൂസിനെ പോലെ യുദ്ധതന്ത്രഞനായിരുന്നില്ല. ഇവിടെ വെച്ചാണ് ബെര്‍ണല്‍ ഭൂപ്രഭുവും, തന്റെ പിതാവായ ഡോണ്‍ ഗമാലിയേലിനെയും, സഹോദരി കാതലീനയെക്കുറിച്ചും പറയുന്നത്‌. സ്വന്തം സഖാക്കളെക്കുറിച്ചുള്ള വിവരം നല്‍കിയതിനുള്ള പാരിതോഷികമായി അയാളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുകയും, പിന്നിട് രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നീടു ബെര്‍ണ്ണലിന്റെ സ്വത്തുക്കളെല്ലാം കാതലീനയെ വിവാഹം കഴിക്കുന്നതിലൂടെ സ്വന്തമാക്കുന്നു.

നോവലിന്റെ അവസാന്‍ഭാഗത്താണ് അയാളുടെ ചെറുപ്പകാലത്തിനെ കുറിച്ച്‌ നാം അറിയുന്നത്‌ . ലുഡിവിനിയ എന്ന മുത്തശ്ശി തന്റെ സ്വത്തുക്കളെല്ലാം നശിച്ച് പരിതാപകരമായി മാസ്റ്റര്‍ പെദ്രിത്തോ എന്ന മുഴുകുടിയനും,
പേടിത്തൊണ്ടനുമായ മകനോടോത്താണ് ജീവിക്കുന്നത്. ആ സ്ത്രീയുടെ മറ്റൊരു മകന്‍ ക്രൂരനും വഴിപിഴച്ചവനുമായ അത്തനാഷ്യയായുടെ പിഴറ്റുപെറ്റ പുത്രനാണ് ക്രൂസ്. അയാളുടെ അമ്മ ഇസബെല്‍ ലുഡിവിനിയയുടെ അടിമതൊഴിലാളിയായിരുന്നു. ക്രൂസിനെ പ്രസവിക്കുന്നതോടുകൂടി അവര്‍ മരിക്കുന്നു, ഇസബെല്ലിന്റെ സഹോദരനായ ലുണേരോവാണ് ക്രൂസ്സിനെ വളര്‍ത്തുന്നത്‌, അവര്‍ തമ്മിലുള്ള ബനധം കൂട്ടുകാര്‍ തമ്മിലുള്ളതിനു സമാനമാണ്.

ക്രൂസ് തന്റെ പതിനാലാം വയസ്സില്‍ ,ലുണേരുവിനെ അടിമയായി പിടിക്കുവാന്‍ വരുന്ന ഏജെന്റായി തെറ്റുദ്ധരിച്ച് അയാളുടെ പിതൃസഹോദരനായ പെദ്രിത്തോയെ വെടിവെച്ച് കൊല്ലുന്നു, ആ സംഭവത്തിനു ശേഷം നാടുവിടുന്ന ക്രൂസ് വഴിയില്‍ വെച്ച് ഒരു അധ്യാപകനെ കണ്ടുമുട്ടുന്നു, അയാള്‍ അവനെ രക്ഷിക്കുന്നു. പിന്നീടു അവന്‍ വിപ്ലവസംഘത്തില്‍ ചേരുന്നു. നാടിന്റെ ഭാവിയെ കൂറിച്ച് സ്വപനം കണ്ട ക്രൂസ് അതിലെ വൈരുദ്ധ്യത്തെ മനസ്സിലാക്കി, ഇങ്ങനെ പോയാല്‍ തന്റെ ജീവിതം പച്ചപിടിക്കില്ല എന്നു കണ്ട ആര്‍ത്തിമിയോ ക്രൂസ് തന്റെ ആദര്‍ശങ്ങളെ കുഴിച്ചു മൂടുന്നു. വിപ്ലവത്തെ പുറംകാലുകൊണ്ടു തൊഴിച്ച് തെറിപ്പിക്കുന്നു. വിപ്ലവത്തെ അതിന്റെ ആദര്‍ശങ്ങളില്‍ പരാജയപ്പെടുത്തി , അയാല്‍ അധികാരത്തിന്റെ ഭാഗമാവുന്നു, അഴിമതിയുടെ ആള്‍ രൂപമാവുന്നു.

സഹായക ലേഖനങ്ങള്‍
കെ.പി അപ്പന്റെ ചരിത്രത്തിലെ ഉരുക്കുയുക്തി
ദേശമംഗലം രാമകൃഷ്ണന്റെ വിവര്‍ത്തനത്തിന്റെ ആമുഖമായ മനുഷ്യദുര്‍വിധിയുടെ ആഖ്യാനങ്ങള്‍

8 comments:

Reshma said...

വായിക്കാനുള്ള തള്ള് തരുന്നുണ്ട് ഈ ബ്ലോഗ്. ഈ പുസ്തകങ്ങളുടേയും എഴുത്തുകാരുടേയും പേരുകള്‍ ഇംഗ്ലീഷിലും എഴുതിയിട്ടാല്‍ ആദ്യായി കേള്‍ക്കുന്നോര്‍ക്ക് കണ്ടുപിടിക്കാന്‍ എളുപ്പമാവാരുന്നു:)

Pramod.KM said...

thank u for sharing this:)

ലാപുട said...

Nice post again..
Congrats...
Please continue .....:)

ശ്രീഹരി::Sreehari said...

nice

വെള്ളെഴുത്ത് said...

പുസ്തകം.. താങ്കള്‍ പ്രൊഫൈല്‍ പേജിലെ ഇ മെയില്‍ ലിങ്ക് ചാലുവാക്കി വയ്ക്കുമോ..

RR said...

Just now I read all the posts. Nice job. Thanks

കുടുംബംകലക്കി said...

കൊള്ളാം; അടിപൊളി.
(അര്ഥം: നമ്മളും ഇതൊക്കെയാ വായിക്കുന്നത്; ഏത്?) :)

Visala Manaskan said...

ഉഗ്രന്‍ ഉദ്യമം. കലക്കന്‍ ഐഡിയ, പി.പി!

എല്ലാവിധ ആശംസകളും മാഷെ. എന്റെ ലൈഫില്‍ ഇമ്മാതിരി ഒരു പുസ്ത്കവും ഞാന്‍ വായിച്ചിട്ടുമില്ല ഇനി ജീവനകാര്യങ്ങള്‍ (ജോലിയും മറ്റുമൊക്കെയാണ് ഉദ്ദേശിച്ചത്..)ഇങ്ങിനെയൊക്കെയാണെങ്കില്‍ വായിക്കാനും പോണില്ല. ആ വിഷമം കുറേയെങ്കിലുമിത് മാറ്റും.

ഒരുപാട് ആളോള്‍ക്ക് ഇത് ഉപകരിക്കും. വളരെ നന്ദി.